പറശ്ശിനിക്കടവ് :- തീർത്ഥാടന -വിനോദസഞ്ചാര കേന്ദ്രമായ പറശ്ശിനിക്കടവിലെ വിവിധ വികസന പദ്ധതിപ്രവർത്തനങ്ങൾക്ക് 13-ന് തുടക്കം കുറിക്കും. എം.വി ഗോവിന്ദൻ എംഎൽഎയുടെ വികസനഫണ്ടിലൂടെ അംഗീകാരം നൽകിയ പദ്ധതികളായ പറശ്ശിനിക്കടവ് ബോട്ട് ടെർമിനൽ വിപുലീകരണം, പറശ്ശിനി ബസ് സ്റ്റാൻഡ് മുതൽ പാലം വരെ സൗന്ദര്യവത്കരണം, പറശ്ശിനി പുഴയുടെ തീരസംരക്ഷണം എന്നീ പ്രവൃത്തികളുടെ ഉദ്ഘാടനം നടക്കും. ഇതോടൊപ്പം സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ പുതിയ രണ്ട് ബോട്ടുകളുടെ സർവീസ് ഉദ്ഘാടനവും നടക്കും. രാവിലെ10 മണിക്ക് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ എല്ലാ പദ്ധതികളും ഉദ്ഘാടനം ചെയ്യും.
എം.വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷത വഹിക്കും. എംഎൽഎമാരായ കെ.വി സുമേഷ്, എം.വിജിൻ എന്നിവർ പങ്കെടുക്കും. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാധ്യക്ഷൻ പി.മുകുന്ദൻ അധ്യക്ഷതയിൽ സംഘാടകസമിതി രൂപവത്കരിച്ചു. പി.മുകുന്ദൻ ചെയർമാനും കെ.പി ശിവദാസൻ ജനറൽ കൺവീനറുമാണ്. ജലഗതാഗതവകുപ്പ് പറശ്ശിനിക്കടവ് സ്റ്റേഷൻ മാസ്റ്റർ കെ.വി സുരേഷ്, കെ.വി പ്രേമരാജൻ, കെ.വി ജയശ്രീ, പി.കെ മുജീബ്റഹ്മാൻ, കെ.പി ശിവദാസൻ, വി.പ്രണവ്, സി.മുകുന്ദൻ, ബൈജു ലാൽ, വി.വി രാജേഷ് എന്നിവർ സംസാരിച്ചു.
