ചേലേരി :- ചേലേരി യു.പി സ്കൂൾ 1973 - 80 ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷന്റെ (OSAC) നേതൃത്വത്തിൽ മാതൃവിദ്യാലയത്തിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. അംഗങ്ങളിൽ നിന്ന് മാത്രം സമാഹരിച്ച നൂറിൽപരം പുസ്തകങ്ങൾ നൽകി. കഥകളും നോവലുകളും നിഘണ്ടുവും ഉൾപ്പടെയുള്ള പുസ്തകങ്ങളാണ് സംഭാവന നൽകിയത്.
OSAC പ്രസിഡൻ്റ് ഡോ. പി.വി പ്രദീപൻ ഹെഡ്മിസ്ട്രസ്സിന് പുസ്തകങ്ങൾ കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ പിടിഎ വൈസ് പ്രസിഡണ്ട് വേലായുധൻ.പി അധ്യക്ഷത വഹിച്ചു. OSAC സെക്രട്ടറി അരവിന്ദാക്ഷൻ.ടി പദ്ധതി വിശദീകരണം നടത്തി. ക്രിക്കറ്റ് കളിയിൽ മികവ് തെളിയിച്ച് സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി പി.കെ സൂഫിയാനെ ഡോ. പി.വി പ്രദീപൻ ഉപഹാരം നൽകി അനുമോദിച്ചു. OSAC കമ്മിറ്റി അംഗം പ്രേമാനന്ദൻ എൻ.വി ആശംസയർപ്പിച്ചു. കമ്മിറ്റി അംഗങ്ങളായ ഭാർഗവി എൻ.പി, സുജാത.കെ എന്നിവർ പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് "ഒക്ടോബർ 15 ലോക കൈകഴുകൽ ദിനത്തിന്റെ പ്രാധാന്യവും ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയും വിശദമാക്കി ഡോക്ടർ പി.വി പ്രദീപൻ ബോധവൽക്കരണ ക്ലാസ് എടുത്തു. അമീബ മൂലം ഉണ്ടാകുന്ന മസ്തിഷ്ക ജ്വരവും മറ്റു പകർച്ച വ്യാധികളും വരാതിരിക്കാനുള്ള മുൻകരുതലിനെ പറ്റിയും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഹെഡ്മിസ്ട്രസ് അജിത.എ സ്വാഗതവും എം.സുജിത് മാസ്റ്റർ നന്ദിയും പറഞ്ഞു.
