ലൈഫ് പദ്ധതി;ഉദയഗിരിയിൽ 218 വീടുകളുടെ താക്കോൽ കൈമാറി

 


കണ്ണൂർ:-കേരളത്തിലെ ജനങ്ങൾക്ക് അന്തസ്സായി ജീവിക്കാനുള്ള സൗകര്യമൊരുക്കാനാണു സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഉദയഗിരി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ 218 വീടുകളുടെ താക്കോൽ കൈമാറ്റവും ഭവന പുനരുദ്ധാരണ പദ്ധതിയുടെ ആദ്യ ഗഡു വിതരണ ചടങ്ങിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ചേരികൾ ഉണ്ടാകാതിരിക്കാൻ ഫ്‌ളാറ്റുകൾ നിർമ്മിച്ച് അസാധ്യമായതൊക്കെ സാധ്യമാക്കി രാജ്യത്തിന് തന്നെ മാതൃകയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാർത്തികപുരത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ അധ്യക്ഷനായി.

ഉദയഗിരി ഗ്രാമപഞ്ചായത്ത് 218 വീടുകൾ നിർമ്മിച്ചാണ് ലൈഫ് സമ്പൂർണ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടത്. 31 വീടുകൾ പി.എം.എ.വൈ പദ്ധതിയിലും, 252 വീടുകൾ അറ്റകുറ്റപ്പണിയിലൂടെ വാസയോഗ്യമാക്കിയും പൂർത്തിയാക്കി. ഈ വർഷം 80 വീടുകൾ കൂടി അറ്റകുറ്റ പണിക്കായി 15.10 കോടി മാറ്റിവെച്ചിട്ടുണ്ട്. ഉദയഗിരി ഗ്രാമ പഞ്ചായത്ത് വി ഇ ഒ എം പി അജീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന തല സ്‌കൂൾ ഗെയിംസ് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് 60 കിലോഗ്രാം കാറ്റഗറിയിൽ വെള്ളി മെഡൽ നേടിയ സെബിൻ സെബാസ്റ്റ്യനെ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ടി സി പ്രിയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റ് ബിന്ദു ഷാജു ഏറത്തേൽ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ ടി സുരേഷ് കുമാർ, കെ എസ് അബിഷ, ഷീജ വിനോദ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സരിത ജോസ്, ഗിരിജാമണി ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ എം സി ജനാർദനൻ, ടോമി കാടൻകാവിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ആർ മിഥുൻ മോഹനൻ, ആലക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി ടി ചെറിയാൻ മാസ്റ്റർ, ഉദയഗിരി സി ഡി എസ് ചെയർപേഴ്‌സൺ സൂര്യ പ്രകാശ്, എൻ എം രാജു, ജോയിച്ചൻ പള്ളിചാലിൽ, ജോസഫ് പാലക്കാവുങ്കൽ, ജെയ്‌സൺ പല്ലാട്ട്, ആനിയമ്മ രാജേന്ദ്രൻ, ടി എ ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.

Previous Post Next Post