തെരഞ്ഞെടുപ്പ് പ്രചാരണം ; എ ഐ ചിത്രങ്ങൾക്കും വീഡിയോകൾക്കും കർശന നിയന്ത്രണം


ന്യൂഡൽഹി :- തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിത്രങ്ങളും വീഡിയോയും ഉപയോഗിക്കുന്നതിന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ കർശനനിയന്ത്രണം ഏർപ്പെടുത്തി. എഐ ഉപയോഗിക്കപ്പെട്ട വീഡിയോ, ചിത്രം എങ്കിൽ ദൃശ്യമായ ഭാഗത്തിന്റെ 10% ഭാഗത്ത് 'എഐ ജനറേറ്റഡ്', 'ഡിജിറ്റലി എൻഹാൻസ്ഡ്', 'സിന്തറ്റിക് കണ്ടന്റ്' എന്നിങ്ങനെയുള്ള അറിയിപ്പുകൾ (ലേബലിങ്) നിർബന്ധമായും ഉണ്ടായിരിക്കണം. എഐ ഉള്ളടക്കമെന്ന് സാധാരണക്കാർക്ക് മനസ്സിലാകാനാണിത്. ഓഡിയോ എങ്കിൽ അതിൻ്റെ തുടക്കത്തിലെ 10% ഭാഗത്ത് എഐ കണ്ടൻ്റ് ആണെന്ന അറിയിപ്പുണ്ടാകണം. 

ഇത്തരം ഉള്ളടക്കങ്ങൾക്കൊപ്പം അത് സൃഷ്‌ടിച്ചവരുടെ പേരും ഉണ്ടായിരിക്കണം. ഈ വ്യവസ്ഥകൾ പാലിക്കാതെ പാർട്ടികൾ ഔദ്യോഗിക സമൂഹമാധ്യമ പ്രൊഫൈലുകളിൽ ഇത്തരം ഉള്ളടക്കം പ്രസിദ്ധീകരിച്ചാൽ 3 മണിക്കൂറിനകം ഇവ നീക്കം ചെയ്യേണ്ടി വരും. പാർട്ടികൾ എഐ ഉപയോഗിച്ച് നടത്തുന്ന പ്രചാരണപരിപാടികളുടെ വിവരങ്ങൾ സൂക്ഷിച്ചിരിക്കണം. തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടാൽ ഇതിൻ്റെ വിവരങ്ങൾ കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.

Previous Post Next Post