ജലസാക്ഷരത ഉറപ്പാക്കാൻ വാട്ടർ വൊളന്റിയർമാർ ; ആദ്യഘട്ടം നടപ്പാക്കുക ജലക്ഷാമ മേഖലയിൽ


കണ്ണൂർ :- ജലസംരക്ഷണവും സുസ്ഥിര ജലവിനിയോഗവും ശുദ്ധജല ലഭ്യതയും ഉറപ്പാക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ വാട്ടര്‍ വളണ്ടിയര്‍ സേനയെ രൂപീകരിക്കുന്നു.
ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, ഭൂഗര്‍ഭ ജല വകുപ്പ്, സന്നദ്ധ സംഘടനയായ മോര്‍ എന്നിവ ചേര്‍ന്നാണ് സേന രൂപീകരണ പരിപാടിക്ക് നേതൃത്വം നല്‍കുക. കണ്ണൂര്‍ സര്‍വ്വകലാശാല, സാങ്കേതിക കാലലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ എന്‍.എസ്.എസ് വിഭാഗം, കുടുംബശ്രീ, ഗ്രന്ഥശാലകള്‍, എന്നിവയുടെ സഹായ സഹകരണങ്ങളും ഈ പരിപാടിക്ക് ഉണ്ടായിരിക്കും. ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം, പുനരുപയോഗം, ശുചിത്വം എന്നിവ സമൂഹത്തിന്റെ കടമയാക്കി വളര്‍ത്തി കൊണ്ടുവരിക, ജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ മഴവെള്ള ശേഖരണം ഉറപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം സ്വയം താല്‍പര്യമുണര്‍ത്തുന്ന പ്രവര്‍ത്തനമായി വളര്‍ത്തി കൊണ്ടുവരാനും പദ്ധതി ലക്ഷ്യമിടുന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെയും പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും അറിയിപ്പ് നല്‍കി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായാണ് വളണ്ടിയര്‍മാരെ കണ്ടെത്തുക.
രജിസ്റ്റര്‍ ചെയ്തവരെ പ്രാദേശികാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളായി തിരിക്കും. ഒരോ ഗ്രൂപ്പിനും രജിസ്റ്റര്‍ നമ്പര്‍ നല്‍കും. ആ നമ്പരിലാണ് ഗ്രൂപ്പ് അറിയപ്പെടുക. ഇവരെ ഉള്‍പ്പെടുത്തി വാട്ട്‌സാപ്പ് ഗ്രൂപ്പും രൂപീകരിക്കും. ഓരോ ഗ്രൂപ്പിനും ഓണ്‍ലൈനായി രണ്ടാഴ്ചയില്‍ ഒരിക്കല്‍ ക്ലാസുകള്‍ നല്കും. ജലസംരക്ഷണ, ജല സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തയ്യാറാകുന്ന മൊഡ്യൂള്‍ അനുസരിച്ച ക്ലാസുകളാണ് ഓണ്‍ലൈനായി നല്കുക. ക്ലാസുകള്‍ സംബന്ധിച്ച മൊഡ്യൂള്‍ തയ്യാറാക്കാനും ഓണ്‍ലൈന്‍ ക്ലാസുകള്‍ നൽകാനും സംസ്ഥാന-ജില്ലാതല ഉദ്യോഗസ്ഥര്‍, കോളേജ് അധ്യാപകര്‍, ഫീല്‍ഡ് തല പ്രവര്‍ത്തകര്‍, കര്‍ഷകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഹരിതകേരളം മിഷന്‍, ഭൂഗര്‍ഭ ജല വകുപ്പ് , ശുചിത്വമിഷന്‍ എന്നിവയുടെ ജില്ലാതല നേതൃത്വ ഉദ്യോഗസ്ഥര്‍, എന്നിവരടങ്ങിയ പാനല്‍ തയ്യാറാക്കും. ക്ലാസുകളില്‍ നിന്നും കൂട്ടായ്മകളില്‍ നിന്നും ഉണ്ടാവുന്ന ധാരണകള്‍ പ്രാദേശികമായി പ്രചരിപ്പിക്കുകയും അവ പ്രാവര്‍ത്തികമാക്കാന്‍ ശ്രമങ്ങള്‍ നടത്തലുമാണ് വാട്ടര്‍ വളണ്ടിയര്‍മാരുടെ 'പ്രധാന കടമ.

ജല സംരക്ഷണ പ്രവര്‍ത്തനങ്ങളോടുള്ള ആഭിമുഖ്യം, സാമ്പത്തിക പ്രതിഫലം ഇച്ഛിക്കാത്ത സന്നദ്ധ പ്രവര്‍ത്തനം, വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നവരോടുള്ള ഐക്യ ദാര്‍ഢ്യം, സാമൂഹിക മാധ്യമങ്ങളില്‍ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കല്‍, ജലസാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കല്‍ എന്നിവയാണ് വാട്ടര്‍ വളണ്ടിയര്‍ സേന അംഗങ്ങള്‍ക്കുള്ള യോഗ്യതകള്‍. ജില്ലയിലെ ജലക്ഷാമ മേഖലകളായ പാനൂര്‍, തലശ്ശേരി, കണ്ണൂര്‍ ബ്ലോക്കുകളിലാണ് വാട്ടര്‍ വളണ്ടിയര്‍ സേനയുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. വളണ്ടിയര്‍മാരെ കണ്ടെത്താന്‍ ഒക്ടോബര്‍ 25 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.




Previous Post Next Post