യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ സ്ലീപ്പർ കോച്ചുകളെ ഇനി സ്പെഷ്യൽ തീവണ്ടികളാക്കി ഉപയോഗപ്പെടുത്താം ; പുതിയ തീരുമാനവുമായി റെയിൽവേ


കണ്ണൂർ :- അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ സ്ലീപ്പർ കോച്ചുകളെ ഇനി സ്പെഷ്യൽ തീവണ്ടികളാക്കി ഉപയോഗപ്പെടുത്താം. മണിക്കൂറുകളോളം ഡിപ്പോകളിൽ നിർത്തിയിടുന്ന സ്ലീപ്പർ കോച്ച് വണ്ടികളെ സമയക്രമീകരണം നടത്തി ഹ്രസ്വദൂര യാത്രക്ക് സജ്ജമാക്കാനാണ് റെയിൽവേ തീരുമാനം. ചെറുദൂരയാത്രക്ക് അൺ റിസർവ്ഡ് സ്ലീപ്പർ കോച്ചുകളാക്കി മാറ്റി ഓടിക്കാനുള്ള അധികാരം അതത് സോണൽ ജനറൽ മാനേജർമാർക്ക് റെയിൽവേ അനുമതി നൽകി.

സ്പെഷ്യൽ തീവണ്ടികൾ ഓടിക്കാൻ അൺ റിസർവ്‌ഡ് കോച്ചുകൾ ഇല്ലാത്ത സാഹചര്യത്തിൽ സ്ലീപ്പർ കോച്ചുകൾ ഉപയോഗിക്കാനാണ് നിർദേശം. അപ്രതീക്ഷിത ഗതാഗതത്തിരക്കുള്ള സമയങ്ങളിൽ ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഇത് ചെറുദൂര യാത്രക്കാർക്ക് ആശ്വാസമാകും. ഒഴിഞ്ഞുകിടക്കുന്ന സ്ലീപ്പർ ക്ലാസ് കോച്ചുകളെ ജനറൽ കോച്ചുകളാക്കി ഓടിക്കാൻ 2015-ൽ റെയിൽവേ സോണൽ ജനറൽ മാനേജർമാർക്ക് അധികാരം നൽകിയിരുന്നു.

ജനറൽ കോച്ചുകളിലെ തിരക്ക് കുറയ്ക്കാൻ റെയിൽവേ ചില കോച്ചുകൾ ഡി-റിസർവ്‌ഡ് ആയി സംവരണം ചെയ്തത് ഇതിന്റെ ഭാഗമായിട്ടാണ്. സ്റ്റേഷനിൽ നിന്ന് പകൽ തത്സമയം ടിക്കറ്റ് എടുക്കാം. എന്നാൽ പുതിയ കണക്ക് പ്രകാരം കേരളത്തിൽ 23 തീവണ്ടികളിൽ മാത്രമാണ് ഡി-റിസർവ്ഡ് കോച്ച് അനുവദിച്ചത്. സ്ലീപ്പർ കോച്ചുകളെ സ്പെഷ്യൽ തീവണ്ടികളാക്കി ഓടിക്കാൻ ലോക്കോ പൈലറ്റ് ഉൾപ്പെടെ ജീവനക്കാരില്ലാത്തത് തിരിച്ചടിയാണ്. നിലവിൽ ഇന്ത്യയിൽ 18799 അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെ ഒഴിവുണ്ട്. ദക്ഷിണ റെയിൽവേയിൽ 726-ഉം കേരളത്തിൽ 170-ഉം ഒഴിവുണ്ട്. ടിക്കറ്റ് പരിശോധകരുടെയും ട്രെയിൻ മാനേജർ (ഗാർഡ്) മാരുടെയും ഒഴിവുകളും നികത്താനുണ്ട്.

Previous Post Next Post