ശൈത്യകാല ഷെഡ്യൂൾ ; കണ്ണൂരിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്‌പ്രസ്


മട്ടന്നൂർ :- ഈ മാസം അവസാനത്തോടെ തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്‌പ്രസ്. കുവൈത്ത്, ബഹ്റൈൻ, ദമാം, ജിദ്ദ എന്നീ സെക്ടറുകളിലേക്ക് കണ്ണൂരിൽ നിന്ന് നേരിട്ടുള്ള സർവീസുകളുണ്ടാകില്ല. ശൈത്യകാല ഷെഡ്യൂളിൽ കണ്ണൂരിൽ നിന്ന് ആഴ്ചയിൽ 42 സർവീസുകളുടെ കുറവാണുണ്ടാകുക. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളും കുറച്ചിട്ടുണ്ട്. കുവൈത്ത്, ജിദ്ദ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ രണ്ടും ദമാമിലേക്ക് മൂന്നും സർവീസാണുണ്ടായിരുന്നത്. 

കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള സർവീസില്ലാത്തത് പ്രവാസികൾക്ക് തിരിച്ചടിയാകും. കണ്ണൂരിൽ നിന്നുള്ള മറ്റു സർവീസുകളിലും കുറവ് വരുത്തിയിട്ടുണ്ട്. ഷാർജയിലേക്ക് ആഴ്ചയിൽ 12 സർവീസുണ്ടായിരുന്നത് ഏഴായും മസ്കറ്റിലേക്ക് ഏഴ് സർവീസുണ്ടായിരുന്നത് നാലായും കുറച്ചു. ദുബായ്, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള ഓരോ സർവീസും കുറച്ചിട്ടുണ്ട്. വേനൽക്കാല ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസിന് ആഴ്ചയിൽ 96 അന്താരാഷ്ട്ര സർവീസുകളുണ്ടായിരുന്നത് ശൈത്യകാല ഷെഡ്യൂളിൽ 54 ആയി കുറയും.

Previous Post Next Post