ചുമ മരുന്ന് മരണം ; വിശദീകരണം തേടി ലോകാരോഗ്യ സംഘടന


ന്യൂഡൽഹി :- മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികളുടെ മരണത്തിനു കാരണമായ കോൾഡിഫ് ചുമമരുന്നിന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചു. ഇന്ത്യയുടെ ഔദ്യോഗിക സ്‌ഥിരീ കരണം ലഭിച്ചാൽ കോൾഡ്രിഫ് മരുന്നിനെ 'ആഗോളതല ജാഗ്രതാ മരുന്നുകളുടെ' പട്ടികയിലുൾപ്പെടുത്തുമെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. മധ്യപ്രദേശിൽ ഒരു കുട്ടികൂടി മരിച്ചതോടെ ചുമമരുന്നു കഴിച്ചു രാജസ്ഥാനിലും മധ്യപ്രദേശിലും മരിച്ച കുട്ടികളുടെ എണ്ണം 24 ആയി. 

ഭോപാലിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലായിരുന്ന 2 വയസ്സുകാരിയാണു മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ചിന്ദ്വാഡയിൽ വിതരണം ചെയ്തിരുന്ന കോൾഡിഫിന്റെ 600 കുപ്പികളിൽ 443 എണ്ണം പിടിച്ചെടുത്തിട്ടുണ്ട്. വീടുകളിൽ നിന്നു ബാക്കി ശേഖരിക്കാൻ ആശാ, അങ്കണവാടി ജീവനക്കാരെ നിയോഗിച്ചു. അരുണാചൽപ്രദേശും കോൾ ഡ്രിഫ് മരുന്ന് നിരോധിച്ചു. ഇതോടെ കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങളിൽ മരുന്നിനു വിലക്കുണ്ട്. വിഷാംശം അടങ്ങിയിട്ടുള്ള മറ്റു 2 കമ്പനികളുടെ ചുമമരുന്നു കൂടി വിലക്കി തെലങ്കാന സർക്കാർ ജാഗ്രത നിർദേശം നൽകി.

Previous Post Next Post