മയ്യഴി :- വിശുദ്ധ അമ്മ ത്രേസ്യയുടെ മാഹി ബസിലിക്ക തീർഥാടനകേന്ദ്രത്തിലെ 18 ദിവസത്തെ വാർഷിക തിരുനാളിന് കൊടിയിറങ്ങി. സമാപനദിനമായ ബുധനാഴ്ച രാവിലെ 10.30-ന് കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. ആവില കോൺവെൻറിലെയും ക്ലൂണികോൺവെന്റിലെയും സന്ന്യാസിനികൾ നേതൃത്വം നൽകി. ദിവ്യബലിക്ക് ശേഷം നൊവേന, പരിശുദ്ധ കുർബാനയുടെ ആരാധന, ആശിർവാദം എന്നിവ നടന്നു. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പ്രദക്ഷിണവുമുണ്ടായി.
കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശ്ശേരിക്ക് സ്വീകരണവും നൽകി. രാവിലെ നടന്ന ദിവ്യബലിക്ക് ഫാ. ബിബിൻ ബെനറ്റ് കാർമികത്വം വഹിച്ചു. പൊതുവണക്കത്തിനായി ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ച അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപം ഉച്ചകഴിഞ്ഞ് 2.30-ന് റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ട് രഹസ്യ അറയിലേക്ക് മാറ്റി. സഹവികാരിമാരായ ഫാ. ബിനോയ് അബ്രഹാം, ഫാ. ബിബിൻ ബെനറ്റ്, പാരിഷ് കൗൺസിൽ അംഗങ്ങൾ, തിരുനാൾ ആഘോഷക്കമ്മിറ്റി ഭാരവാഹികൾ, ഇടവക ജനസമൂഹം, മറ്റു വിശ്വാസികൾ തുടങ്ങിയവർ തിരുകർമങ്ങളിലും സ്വീകരണത്തിലും പ്രദക്ഷിണത്തിലും സംബന്ധിച്ചു. തുടർന്ന് റെക്ടർ തിരുനാൾ കൊടിയിറക്കി.
