'എട്ടുമുക്കാലട്ടി എന്നത് നാടൻപ്രയോഗം'; അധിക്ഷേപത്തിന് വിശദീകരണവുമായി മുഖ്യമന്ത്രി


ദില്ലി :- ശബരിമല സ്വർണപ്പാളി വിവാദത്തിൽ കുറ്റം ചെയ്തവർ ആരായാലും നിയമത്തിന്‍റെ കരങ്ങളിൽപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള അയ്യപ്പ സംഗമത്തെ തകർക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇതിന്‍റെ ഭാഗമായാണ് പീഠം നഷ്ടമായെന്ന് പോറ്റി ആരോപണമുന്നയിച്ചത് എന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. ഹൈക്കോടതി നിർദേശപ്രകാരം അന്വേഷണം നടക്കുകയാണെന്നും ഹൈക്കോടതിയും സർക്കാരും രണ്ട് ഭാഗങ്ങളിലല്ലെന്നും മുഖ്യമന്ത്രി ദില്ലിയിൽ പറഞ്ഞു. നിയമസഭയില്‍ നടത്തിയ എട്ടുമുക്കാലട്ടി എന്ന പ്രയോഗത്തെ കുറിച്ച് മുഖ്യമന്ത്രി വിദശീകരിച്ചു. എട്ടുമുക്കാലട്ടിയെന്നത് നാടൻപ്രയോഗമാണ്. പ്രതിഷേധത്തനിടെ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളുന്നത് കണ്ടപ്പോഴാണ് അങ്ങനെ പറഞ്ഞത്. ആരോഗ്യമില്ലാത്തയാളെയാണ് ഉദ്ദേശിച്ചത്. നജീബ് കാന്തപുരം നല്ല ആരോഗ്യമുള്ള ആള്‍ അല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

സ്വർണപ്പാളി വിവാദത്തിൽ ആർക്ക് വീഴ്ചയുണ്ടായെങ്കിലും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ കോടതിയുടെ നിലപാട് തന്നെയാണ് സർക്കാരിനും ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഗൂഢാലോചനയാണ് നടക്കുന്നത്. പോറ്റിയുടെ വെളിപ്പെടുത്തൽ അതിന്‍റെ ഭാഗമാണ്. അന്വേഷണം ശരിയായി നടക്കട്ടെ. പുറത്ത് നിന്നുള്ളതടക്കം ഇടപെടലുകൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി ദില്ലിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

Previous Post Next Post