കേരളത്തിൽ വീണ്ടും മഴക്കാലം ; ഉച്ചകഴിഞ്ഞാൽ ഇടിവെട്ടി മഴപെയ്യും, തുലാവർഷമെത്തുന്നു


തിരുവനന്തപുരം :- കേരളത്തിൽ വടക്കുകിഴക്കൻ മൺസൂൺ എന്ന് അറിയപ്പെടുന്ന തുലാവർഷം എത്തുന്നു. രണ്ട് ദിവസത്തിനകം തുലാവർഷത്തിന്റെ വരവ് സ്ഥിരീകരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവർഷം പൂർണമായും പിൻവാങ്ങി. തുലാവർഷം എത്തുന്നതോടെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ഇടിയോടുകൂടിയ മഴ പെയ്തേക്കും.

ജൂൺ മുതൽ സെപ്‌തംബരെ നീളുന്ന കാലവർഷത്തിൻ്റെ നേർ വിപരീതമാണ് തുലാവർഷം. ഒക്ടോബർ പകുതിയോടെ തുടങ്ങി ഡിസംബർ വരെയാണ് തുലാമഴ പെയ്യുക. ഇരുണ്ടുകൂടുന്ന മഴമേഘങ്ങളും ഇടിമിന്നലുമാണ് തുലാവർഷത്തിന്റെ തുടക്കമായി എന്ന സൂചനകൾ നൽകുന്നത്. കനത്ത മഴയും ഇടിമിന്നലുമാണ് ഇതിന്റെ പ്രത്യേകതയും. ഉച്ചകഴിഞ്ഞ് പെയ്യുന്നതാണ് തുലാമഴയുടെ ശൈലി.

പശ്ചിമഘട്ടം കടന്നെത്തുന്ന മഴമേഘങ്ങളാണ് കേരളത്തിൽ തുലാവർഷമായി പെയ്ത‌ിറങ്ങുന്നത്. സംസ്ഥാനത്തിലെ രണ്ടാം മഴക്കാലമാണിത്. തെക്കൻ കേരളത്തിലാകും കൂടുതൽ മഴ ലഭിക്കുക. വടക്കോട്ട് നീങ്ങുന്തോറും മഴയുടെ അളവും ശക്തിയും കുറയും. മഴയുടെ ഇടവേളകളിൽ വെയിലും ചൂടുമുണ്ടാകും. സാധാരണ ഒക്ടോബറിലാണ് ഏറ്റവുമധികം മഴ ലഭിക്കുക. ഡിസംബറോടെ മഴയുടെ ശക്തി കുറയും. തുടർന്ന് തണുപ്പുകാലം തുടങ്ങും.





Previous Post Next Post