ആധാര്‍ സേവനങ്ങളുടെ നിരക്കുകളിൽ വർധന


തിരുവനന്തപുരം :- ആധാര്‍ സേവനങ്ങളുടെ നിരക്കുകളില്‍ വര്‍ദ്ധനവ് വരുത്തി യുണീക് ഐഡന്റിഫികേഷന്‍ അതോറിറ്റി . പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. 2028 സെപ്റ്റംബര്‍ 30 വരെയാണ് ആദ്യ ഘട്ടത്തിലെ വര്‍ദ്ധിപ്പിച്ച നിരക്കുകള്‍. 2028 ഒക്ടോബര്‍ 1 മുതല്‍ അടുത്ത ഘട്ട വര്‍ദ്ധനവും നിലവില്‍ വരും. നിലവില്‍ 50 രൂപ ഈടാക്കിയിരുന്ന പല സേവനങ്ങള്‍ക്കും ഇനി മുതല്‍ 75 രൂപ നല്‍കേണ്ടിവരും. 100 രൂപ ആയിരുന്നവയ്ക്ക് 125 രൂപയായും നിരക്ക് വര്‍ദ്ധിപ്പിച്ചു. 2028 ഒക്ടോബര്‍ 1 മുതല്‍ ഈ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിച്ച് 75 രൂപയുടെ സേവനങ്ങള്‍ക്ക് 90 രൂപയായും 125 രൂപയുടെ സേവനങ്ങള്‍ക്ക് 150 രൂപയായും നിരക്ക് വര്‍ധിക്കും.

കുട്ടികള്‍ക്ക് ബയോമെട്രിക് അപ്‌ഡേറ്റ് സൗജന്യമാണ്. ആധാര്‍ എടുക്കുമ്പോള്‍ രേഖപ്പെടുത്തിയ വിരലടയാളം, കണ്ണ്, ഫോട്ടോ തുടങ്ങിയ ബയോമെട്രിക് വിവരങ്ങള്‍ പുതുക്കുന്നതിനുള്ള നിരക്കുകളിലും മാറ്റം വരുത്തി. 5 മുതല്‍ 7 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് ഒരിക്കല്‍ ബയോമെട്രിക് അപ്‌ഡേറ്റ് ചെയ്യുന്നത് സൗജന്യമാണ്. 15 മുതല്‍ 17 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് ഒരിക്കല്‍ അപ്‌ഡേറ്റ് ചെയ്യുന്നതും സൗജന്യമാണ്. മറ്റുള്ള ബയോമെട്രിക് അപ്‌ഡേറ്റിന് 125 രൂപ ഫീസ് നല്‍കണം. നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് വേഗത്തിലാക്കുന്നതിനായി ഒരു പ്രത്യേക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 7 വയസ്സുമുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക് അപ്‌ഡേറ്റിനുള്ള ഫീസ് 2026 സെപ്റ്റംബര്‍ 30 വരെ ഒഴിവാക്കിയിട്ടുണ്ട്. ഈ പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം.


Previous Post Next Post