കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മാമ്പഴ ഗ്രാമം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി റെജി അധ്യക്ഷത വഹിച്ചു.
മാംഗോ പാർക്കിനായി സംസ്ഥാന ബജറ്റിൽ നിന്ന് അഞ്ച് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കുറ്റ്യാട്ടൂർ മാങ്ങകളുടെ സംഭരണം, ശീതികരണം, വിപണനം, ഗവേഷണം തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുറ്റ്യാട്ടൂരിൽ 23 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച ഹാപ്പിനെസ് പാർക്ക്, 57 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പഞ്ചായത്ത് ഓഡിറ്റോറിയം, അഞ്ചര ലക്ഷം രൂപയുടെ വാട്ടർ എ ടി എം എന്നിവയും എം എൽ എ ഉദ്ഘാടനം ചെയ്തു.
ഹാപ്പിനെസ് പാർക്കിൽ നടന്ന പരിപാടിയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിലേഷ് പറമ്പൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി കെ മുനീർ,ബ്ലോക്ക് പഞ്ചായത്ത് അംഗം എം കെ ലിജി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ സി അനിത, യു മുകുന്ദൻ, പി പ്രസീത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ പ്രഭാകരൻ മാസ്റ്റർ, സെക്രട്ടറി പി എം ബിന്ദു വിവിധ രാഷ്ട്രീയ കക്ഷി, സാമുദായിക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
