ചെന്നൈ :- ക്രിസ്മസ് സീസണിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽത്തന്നെ വെയ്റ്റിങ് ലിസ്റ്റിലേക്ക് നീങ്ങി. ഡിസംബർ 23-ന് തിരുവനന്തപുരം മെയിലിൽ ടിക്കറ്റ് ബുക്കിങ് തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റ് തീരുകയായിരുന്നു. തുടർന്ന് വെയ്‌റ്റിങ് ലിസ്റ്റിലേക്ക് ബുക്കുചെയ്യാൻ ശ്രമിച്ചപ്പോൾ ഇനി ബുക്കുചെയ്യാൻ കഴിയില്ലെന്ന് സൂചിപ്പിക്കുന്ന റിഗ്രെറ്റ് സന്ദേശമാണ് ഇന്ത്യൻ റെയിൽവേയുടെ വെബ്സൈറ്റിൽ തെളിഞ്ഞത്. തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ആലപ്പുഴ എക്സ്പ്രസ് എന്നിവയിലേക്കുള്ള ടിക്കറ്റുകളും മിനിറ്റുകൾക്കുള്ളിൽ വെയ്റ്റിങ് ലിസ്റ്റായി.
മലബാർ ഭാഗത്തേക്കുള്ള തീവണ്ടികളിലും ഒരു മണിക്കൂറിനുള്ളിൽ എല്ലാ സീറ്റുകളും റിസർവ് ചെയ്ത് കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടിന് റിസർവേഷൻ ആരംഭിച്ചപ്പോൾ റെയിൽവേ റിസർവേഷൻ വെബ്സൈറ്റുകളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ലെന്ന് പലരും പറഞ്ഞു. പ്രവേശിച്ചപ്പോഴേക്കും വെയ്റ്റിങ് ലിസ്റ്റിലേക്ക് നീങ്ങിയിരുന്നു. റിസർവേഷൻ സൈറ്റുകൾ ലോഗിൻ ചെയ്തപ്പോഴേക്കും ടിക്കറ്റുകൾ മുഴുവൻ ബുക്കുചെയ്ത് കഴിഞ്ഞിരുന്നെന്നും തിരുവനന്തപുരം ഭാഗത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച യാത്രക്കാർ പറഞ്ഞു.
ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നവരിൽ ഭൂരിഭാഗവും ഡിസംബർ 23-നാണ് നാട്ടിലേക്ക് തിരിക്കുക. ഡിസംബർ 24-ന് നാട്ടിലേക്ക് തിരിക്കുന്നവർക്ക് ശനിയാഴ്ച തീവണ്ടികളിൽ ബുക്ക് ചെയ്യാം. ഡിസംബർ 24-ലേക്കുള്ള ടിക്കറ്റുകളും മിനിറ്റുകൾക്കുള്ളിൽത്തന്നെ ബുക്കുചെയ്ത് തീരാനാണ് സാധ്യത. ഡിസംബർ 25-ന് വ്യാഴാഴ്ചയാണ് ക്രിസ്മസ്. വെള്ളിയാഴ്ച ഒരു ലീവെടുത്താൽ തുടർച്ചയായി നാലുദിവസം അവധി ലഭിക്കും. അതിനാൽ നാട്ടിലേക്കു തിരിക്കുന്നവരുടെ എണ്ണം ഏറെയായിരിക്കും. ഇനി യാത്രക്കാർക്കുള്ള ഏക ആശ്രയം തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകളാണ്. ഈ ടിക്കറ്റുകളും മിനിറ്റുകൾക്കുള്ളിൽ ബുക്ക് ചെയ്ത് കഴിയും. കേരളത്തിലേക്ക് ഡിസംബർ 22, 23 തീയതികളിലേക്കും തിരിച്ച് 27, 28 തീയതികളിലും പ്രത്യേക തീവണ്ടികൾ അനുവദിച്ചാൽ ഗുണകരമായിരിക്കുമെന്ന് യാത്രക്കാർ പറഞ്ഞു
