കുറ്റ്യാട്ടൂർ മാങ്ങയുടെ വിപണന സാധ്യത വർദ്ധിപ്പിക്കുന്നതിന് മാംഗോ പാർക്ക് സ്ഥാപിക്കാൻ സംസ്ഥാന ബജറ്റിൽനിന്ന് അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനായി വെള്ളുവയലിലെ മാംഗോ പ്രൊഡ്യൂസേഴ്സ് കമ്പനി വിപുലപ്പെടുത്തും. മാങ്ങയുടെ സംഭരണം, ശീതീകരണം, സംസ്കരണം, ഗവേഷണം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. നഴ്സറി, കുറ്റ്യാട്ടൂർ മാങ്ങയെ കുറിച്ചുള്ള പഠനം, വിളവെടുപ്പിനുള്ള ആധുനിക സൗകര്യങ്ങൾ, സംഭരിക്കാനും ഗ്രേഡ് തിരിച്ച് പാക്ക് ചെയ്യാനുമുള്ള സൗകര്യം, വിപുലമായ കോൾഡ് സ്റ്റോറേജ്, മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം, വിപണന കേന്ദ്രങ്ങൾ, ഓൺലൈൻ വിപണന മാർഗങ്ങൾ തുടങ്ങിയവ പാർക്ക് തയ്യാറാവുന്നതോടെ ഒരു കുടക്കീഴിൽ ആവും.
പഞ്ചായത്തിലെ 300 ഹെക്ടർ സ്ഥലത്ത് 2500 ലധികം മാവുകളുണ്ട്. ഇതിൽ നിന്നും 4000 മുതൽ 6000 ടൺ വരെ മാങ്ങകൾ ആണ് വിളവെടുക്കുന്നത്. പദ്ധതി നടപ്പാകുന്നതോടെ തൊഴിലവസരങ്ങളും വർധിക്കും. ഭൗമസൂചികാ പദവി ലഭിച്ച കുറ്റ്യാട്ടൂർ മാങ്ങയോടൊപ്പം ഇവിടത്തെ മാവിലയും ഇപ്പോൾ പ്രശസ്തമാണ്. പൽപൊടി ഉൽപാദനത്തിനായി കേന്ദ്രസർക്കാരിന്റെ സഹായത്തോടുകൂടി നീലേശ്വരത്ത് പ്രവർത്തിക്കുന്ന കമ്പനി കുറ്റ്യാട്ടൂർ മാവിന്റെ ഇലകൾ ശേഖരിക്കുന്നുണ്ട്.
അതിദരിദ്രരില്ലാത്ത ആദ്യ പഞ്ചായത്തുകൂടിയാണ് കുറ്റ്യാട്ടൂർ.
കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ ആരോഗ്യമേഖലയ്ക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. പ്രൈമറി ഹെൽത്ത് സെന്റർ കുടുംബാരോഗ്യകേന്ദ്രമായി ഉയർന്നു. ഇതിന് കീഴിൽ മൂന്ന് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളുമുണ്ട്. സബ് സെന്ററുകൾ കേന്ദ്രീകരിച്ച് ജനകീയ ആരോഗ്യ സമിതികളും പ്രവർത്തിക്കുന്നു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മാസത്തിൽ രണ്ട് തവണ ജീവിതശൈലി രോഗം, ക്യാൻസർ നിർണയം, നേത്ര പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്.
കാർഷിക മേഖലയുടെ അഭിവൃദ്ധിക്ക് പ്രാധാന്യം നൽകി ഒട്ടനവധി നൂതന ആശയങ്ങളും പദ്ധതികളും ഇവിടെ നടപ്പാക്കുന്നുണ്ട്. സംസ്ഥാനത്തെ കൃഷിസമൃദ്ധി പഞ്ചായത്തുകളിലൊന്നാകാൻ കുറ്റ്യാട്ടൂരിനു സാധിച്ചതും ഇതിന്റെ ഭാഗമായാണ്. ജൈവ കാർഷിക മിഷൻ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട്. പശ്ചാത്തല മേഖല, അനുബന്ധ മേഖലകൾ, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ശുചിത്വം, സാമൂഹ്യക്ഷേമം, നീർത്തട പുനരുദ്ധാരണം, തുടർ സാക്ഷരത പ്രവർത്തനങ്ങൾ, ഡിജിറ്റൽ സാക്ഷരത തുടങ്ങിയ എല്ലാ മേഖലകളിലും സമാനതകളില്ലാത്ത നേട്ടം കൈവരിക്കാൻ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.
അഞ്ച് വർഷ കാലയളവിൽ പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ ചർച്ചയാണ് ഓപ്പൺ ഫോറത്തിൽ നടന്നത്. ആഴ്ചയിൽ രണ്ട് ദിവസം ആരോഗ്യ മൊബൈൽ ക്യാമ്പുകൾ, ചെക്കിക്കുളം, ചട്ടുകപ്പാറ എന്നിവിടങ്ങളിൽ ഇ ടോയ്ലറ്റുകൾ, കട്ടോളിയിൽ പൊതുകളിസ്ഥലം, ഓരോ വാർഡുകളിലും കുട്ടികൾക്ക് നീന്തൽ പഠിക്കാനുള്ള സൗകര്യം,ചെറുകിട സംരംഭങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുക, പാവന്നൂർ - നിടുകുളം റൂട്ടിൽ ഗ്രാമവണ്ടി എന്നിവയായിരുന്നു ചർച്ചയിൽ മുന്നോട്ടുവെച്ച ആശയങ്ങൾ. വികസന സദസ്സിൽ ഉയർന്ന വന്ന നിർദ്ദേശങ്ങളും ആശയങ്ങളും പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളെല്ലാം നടപ്പാക്കാമെന്ന് ഓപ്പൺ ഫോറത്തിന് മറുപടിയായി കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി അറിയിച്ചു
.webp)