വികസന മുന്നേറ്റം അടയാളപ്പെടുത്തി കുറ്റ്യാട്ടൂർ പഞ്ചായത്ത് വികസന സദസ്സ്

 


കുറ്റ്യാട്ടൂർ:-സംസ്ഥാന സര്‍ക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച വികസന സദസ്സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെയും പരിഗണിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് അഡ്വ. ബിനോയ് കുര്യൻ പറഞ്ഞു. 

പഞ്ചായത്തിന്റെ വികസനരേഖ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലൻ മാസ്റ്റർക്ക് നൽകി ബിനോയ് കുര്യൻ പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്തിന്റെ വിവിധ പദ്ധതികൾക്കായി ഭൂമി വിട്ടുനൽകിയവരെ ചടങ്ങിൽ ആദരിച്ചു.

വികസന സദസ്സ് സംബന്ധിച്ച സംസ്ഥാനതല റിപ്പോർട്ട് ജില്ലാപഞ്ചായത്ത് റിസോഴ്സ് പേഴ്സൺ വി.പി സന്തോഷ് കുമാർ അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ വേദിയിൽ പ്രദർശിപ്പിച്ചു. 

അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ പഞ്ചായത്ത് സെക്രട്ടറി പി.എം ബിന്ദു അവതരിപ്പിച്ചു. പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിക്കുകയും പ്രോഗ്രസ് റിപ്പോർട്ട് വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് പഞ്ചായത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ആശയങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾ അവതരിപ്പിച്ചു. കെ സ്മാർട്ട് ക്ലിനിക്കും വിജ്ഞാനകേരളം ജോബ് ഫെയർ ഹെൽപ് ഡെസ്ക്കും പഞ്ചായത്തിൽ ഒരുക്കിയിരുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി അധ്യക്ഷയായി. കുറ്റ്യാട്ടൂർ മിനി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് സി നിജിലേഷ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി പ്രസീത, യു മുകുന്ദൻ, പഞ്ചായത്തംഗം പി ഷീബ, ആസൂത്രണസമിതി ഉപാധ്യക്ഷൻ എ പ്രഭാകരൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.കെ ഹുസൈൻ, എൻ അനിൽ കുമാർ, ഇ.പി.ആർ വേശാല, ഉത്തമൻ വേലിക്കത്ത്, പി.കെ വിനോദ്, കെ.കെ വത്സരാജ് എന്നിവർ പങ്കെടുത്തു



Previous Post Next Post