മയ്യിൽ:-നൂറുകണക്കിന് വിശ്വമഹാഗ്രന്ഥങ്ങളെ സാക്ഷിയാക്കി കുഞ്ഞുങ്ങൾ ആദ്യക്ഷരമെഴുതി. തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സംഘടിപ്പിച്ച എഴുത്തിനിരുത്തിലാണ് വിശ്വസാഹിത്യവും പുരാണവും ശാസ്ത്രവും ഉൾപ്പെടെയുള്ള പുസ്തകങ്ങളിലെ വെളിച്ചത്തെ സാക്ഷിയാക്കി ആദ്യക്ഷരമെഴുതിയത്.
ഇഷ്ടചിത്രങ്ങൾ വരച്ചും അമ്മയെന്നും ആനയെന്നുമൊക്കെയുള്ള കുഞ്ഞുവാക്കുകൾ എഴുതിയുമായിരുന്നു എഴുത്തിനിരുത്ത്. പ്രമുഖ എഴുത്തുകാരിയും അധ്യാപികയുമായ ആർ രാജശ്രീയായിരുന്നു അതിഥി.കൽക്കണ്ടത്തിൻ്റെ മധുരം നുണഞ്ഞ് അമ്പരപ്പേരുമില്ലാതെ മിക്കവരും എഴുത്തിന് തുടക്കമിട്ടു. കുഞ്ഞുങ്ങളുടെ ജീവിതത്തിലുടനീളം ഈ സുന്ദരനിമിഷങ്ങൾ ഉണ്ടാവട്ടെയെന്ന് രാജശ്രീ ആശംസിച്ചു. എം വി സുമേഷ് സ്വാഗതം പറഞ്ഞു.





