അന്താരാഷ്ട്ര വയോജന ദിനം ആഘോഷിച്ചു


കണ്ണൂർ :- ജില്ലാ സാമൂഹ്യനീതി ഓഫീസ്, ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ജില്ലാ വയോജന കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജനദിനം ആഘോഷിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി നിര്‍വഹിച്ചു. 'വയോജനങ്ങള്‍ പ്രാദേശികവും ആഗോളവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു: ഞങ്ങളുടെ അഭിലാഷങ്ങള്‍, ഞങ്ങളുടെ ക്ഷേമം, ഞങ്ങളുടെ അവകാശങ്ങള്‍' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ അധ്യക്ഷനായി. ഡി എല്‍ എസ് എ സെക്രട്ടറി പി മഞ്ജു, എ ഡി എം കലാഭാസ്‌കര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സായംപ്രഭ ഹോമിലെ മുതിര്‍ന്ന പൗരന്മാരെയും വയോജന മേഖലയിലെ മികവുറ്റ സന്നദ്ധ പ്രവര്‍ത്തനത്തിന് സംസ്ഥാന വയോജന പുരസ്‌കാരം നേടിയ കണ്ണൂര്‍ ഖിദ്മ തണല്‍ സ്‌നേഹവീടിനെയും പരിപാടിയില്‍ ആദരിച്ചു. തുടര്‍ന്ന് വൃദ്ധസദനങ്ങളിലെയും സായംപ്രഭ ഫോമുകളിലെയും മുതിര്‍ന്ന പൗരന്മാരുടെ കലാപരിപാടികള്‍ അരങ്ങേറി. സ്‌നേഹവിരുന്ന്, ഉപഹാര സമര്‍പ്പണം എന്നിവയും നടന്നു. 

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം സിസ്റ്റർ വിനീത, ജില്ലാ വയോജന കമ്മിറ്റി അംഗങ്ങളായ സി.പി ചാത്തുക്കുട്ടി, എ.സി പ്രസന്നന്‍, വി.എം സുകുമാരന്‍, കേരള സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബാലകൃഷ്ണന്‍ മാസ്റ്റര്‍, കേരള സീനിയര്‍ സിറ്റിസണ്‍ ഹോം ജില്ലാ സെക്രട്ടറി സി.കെ രഘുനാഥന്‍ നമ്പ്യാര്‍, തളിപ്പറമ്പ് മെയിന്റനന്‍സ് ട്രൈബ്യൂണല്‍ കണ്‍സിലിയേഷന്‍ ഓഫീസര്‍ എം.കെ സെബാസ്റ്റ്യന്‍, തലശ്ശേരി മെയിന്റനന്‍സ് ട്രൈബ്യൂണല്‍ കണ്‍സിലിയേഷന്‍ ഓഫീസര്‍ പി വിജയന്‍, എന്‍ എസ് എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.പി നിതീഷ്, ഗവ. വൃദ്ധസദനം സൂപ്രണ്ട് സി.വി നിശാന്ത്, കെ എസ് എസ് എം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ അനീഷ്, ജില്ലാ സാമൂഹ്യനീതി സീനിയര്‍ സൂപ്രണ്ട് പി കെ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Previous Post Next Post