തളിപ്പറമ്പ് :- പാലക്കാട്- തളിപ്പറമ്പ് യാത്രയ്ക്കിടെ നഷ്ടപ്പെട്ട യുവതിയുടെ ബാഗ് ഹൈടെക് അന്വേഷണത്തിലൂടെ കണ്ടെത്തി നൽകി തളിപ്പറമ്പ് പോലീസ്. ഒക്ടോബർ 11 ശനിയാഴ്ച രാത്രി 8.30 ഓടെ പാലക്കാട് നിന്ന് കോഴിക്കോട് വഴി മോറാഴയിലേക്ക് കാറിൽ വരികയായിരുന്ന സുനന്ദയുടെ 20,000 രൂപയും പാസ്പോർട്ടും അടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്. ഇവർ യാത്രക്കിടെ പാലക്കാടിനും മലപ്പുറത്തിനുമിടയിലുള്ള ഹോട്ടലിൽ ഫ്രഷ് ആവാൻ കയറിയിരുന്നു. പിന്നീട് യാത്ര തുടർന്ന് കോഴിക്കോടെ ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ചു. യാത്ര തുടർന്നപ്പോൾ കുട്ടി കരഞ്ഞതോടെ ചോക്ലേറ്റ് നൽകാൻ ബാഗ് നോക്കിയപ്പോഴാണ് നഷ്ടപ്പെട്ടത് മനസിലായത്,
അടുത്തദിവസം നാട്ടിലെത്തിയ സുനന്ദ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി ബാഗ് നഷ്ടപ്പെട്ടതുസംബന്ധിച്ച് പരാതി നൽകി. ഹോട്ടലിന്റെ പേരോ സ്ഥലമോ നിശ്ചയമില്ലാത്തതിനാൽ അന്വേഷണം വഴിമുട്ടി. എന്നാൽ 'എം'എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ പേര് തുടങ്ങുന്ന ഹോട്ടലിലാണ് കയറിയതെന്ന് പോലീസിനോടു പറഞ്ഞു. തുടർന്ന് സീനിയർ സി.പി.ഒ ശ്രീകണ്ഠപുരം കോട്ടൂരിലെ പി.വി ഗിരീഷ് യുവതിയുടെ ഫോൺ വാങ്ങി ഗൂഗിൾ മാപ്പിൽ സഞ്ചരിച്ച് റൂട്ട് നോക്കി.
പത്ത് മിനുട്ടിലധികം വളാഞ്ചേരി ഭാഗത്ത് വാഹനം നിർത്തിയതായി ഗിരീഷിന് മനസിലായി. തുടർന്ന് ചാറ്റ് ജി.പി.ടി ഉപയോഗിച്ച് 'എം അക്ഷരത്തിൽ തുടങ്ങുന്ന ഹോട്ടലുകൾ കണ്ടെത്തുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഹോട്ടലുകളുടെ നമ്പറുകൾ തേടിപ്പിടിച്ച് ബന്ധപ്പെട്ടപ്പോൾ വളാഞ്ചേരിയിലെ മുഫീദ ഹോട്ടലിലാണ് ബാഗുള്ളതെന്ന് മനസിലായി. ഹോട്ടൽ ഉടമ അജ്‌മലിനെ വിളിച്ച് ഗിരീഷ് വിവരം പറയുകയും അജ്‌മൽ ബാഗ് കൊറിയറായി എന്ന ആധുനിക സീനിയർ സി.പി.ഒ സംവിധാനം ഗിരീഷ് യുവതിക്ക് അയച്ചുനൽകുകയും ചെയ്തു. ഒരിക്കലും തിരിച്ചുകിട്ടില്ലന്ന് കരുതിയ ബാഗ് തളിപ്പറമ്പ് പോലീസിൻ്റെ സമർത്ഥ അന്വേഷണത്തിൽ ലഭിച്ചതിന് നന്ദി പറഞ്ഞാണ് സുനന്ദ മടങ്ങിയത്.
