തിരുവനന്തപുരം :- സംസ്ഥാനത്തെ ശിശുമരണങ്ങളിൽ 14 ശതമാനവും ആശുപത്രിക്കു പുറത്താണു സംഭവിക്കുന്നതെന്നും ആംബുലൻസ് സൗകര്യം മെച്ചപ്പെടുത്തി മരണനിരക്കു കുറയ്ക്കണമെന്നും ആരോഗ്യവകുപ്പിലെ ഉന്നതയോഗം നിർദേശിച്ചു. ശിശുമരണങ്ങളിൽ 16% ആദ്യത്തെ 24 മണിക്കൂറിനുള്ളിലും 27% ആദ്യ ആഴ്ചയിലും 21% ആദ്യ മാസത്തിലും 36% അതിനു ശേഷവുമാണു സംഭവിക്കുന്നത്. മരിക്കുന്ന കുഞ്ഞുങ്ങളിൽ 65 ശതമാനവും തൂക്കക്കുറവുള്ളവരാണ്.
കഴിഞ്ഞ വർഷം മരിച്ച 5 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളിൽ 82% ഒരു വയസ്സിനു താഴെയുള്ളവരും 53% നവജാത ശിശുക്കളും ആയിരുന്നുവെന്നും യോഗത്തിന്റെ മിനിറ്റ്സിൽ പറയുന്നു. മാസം തികയാതെയും തൂക്കക്കുറവോടെയും ജനിക്കുന്ന കുഞ്ഞുങ്ങളുടെ ജീവൻ മികച്ച ചികിത്സയിലൂടെ ആശുപത്രികളിൽ സംരക്ഷിക്കും. ഡിസ്ചാർജ് ചെയ്തു വീട്ടിൽ എത്തുമ്പോൾ ആ പരിചരണം ലഭിക്കണമെന്നില്ല. അടിയന്തര ഘട്ടത്തിൽ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ വരുമ്പോഴാണു മരണം സംഭവിക്കുന്നത്. സംസ്ഥാനത്തു പ്രതിമാസം ഏകദേശം 30,000 കുഞ്ഞുങ്ങൾ ജനിക്കുന്നുണ്ട്.
