തിരുവനന്തപുരം :- കെ-ടെറ്റ് അധ്യാപക യോഗ്യതാ പരീക്ഷയുടെ വിജ്‌ഞാപനം സർക്കാർ പുറപ്പെടുവിച്ചു. https://ktet.kerala.gov.in വഴി ഈ മാസം 30 വരെ അപേക്ഷ സമർപ്പിക്കാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്‌ഞാപനം, ഓൺലൈൻ റജിസ്ട്രേഷനുള്ള വിശദമായ മാർഗ നിർദേശങ്ങൾ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
ഹാൾ ടിക്കറ്റ് ഫെബ്രുവരി 11ന് ഡൗൺലോഡ് ചെയ്യാം. കാറ്റഗറി 1ന് ഫെബ്രുവരി 21ന് രാവിലെ 10 മുതൽ 12.30 വരെയും കാറ്റഗറി 2ന് 21ന് ഉച്ചയ്ക്ക് 2നും കാറ്റഗറി 3ന് 23ന് രാവിലെ 10നും കാറ്റഗറി 4ന് 23ന് ഉച്ചയ്ക്ക് 2നും ആണ് പരീക്ഷ. പൊതുവിദ്യാലയങ്ങളിലെ 5 വർഷത്തിലേറെ സർവീസ് ബാക്കിയുള്ള എല്ലാ അധ്യാപകരും കെടെറ്റ് പാസായിരിക്കണമെന്ന സുപ്രീംകോടതി വിധി കണക്കിലെടുത്ത് ഇക്കുറി അപേക്ഷകരുടെ എണ്ണത്തിൽ വൻ വർധനയാണ് പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതി വിധിക്കെതിരെ സംസ്‌ഥാന സർക്കാർ അപ്പീൽ നൽകാൻ ഒരുങ്ങുന്നുണ്ട്. രണ്ടു വർഷത്തിനകം കെ-ടെറ്റ് പാസാകാത്തവർ സർവീസിൽ നിന്നു പുറത്താകുമെന്ന സുപ്രീംകോടതി വിധി, കെ ടെറ്റ് നിർബന്ധമാക്കിയ 2012 ഏപ്രിലിനു മുൻപ് ജോലിക്കു കയറിയ ആയിരക്കണക്കിന് അധ്യാപകരെ പ്രതികൂലമായി ബാധിക്കുന്നതാണ്.
