രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞു ; ഡോളറിനെതിരെ രൂപയുടെ മൂല്യം 90 രൂപ 71 പൈസ


മുംബൈ :- രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞു. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 90 രൂപ 71 പൈസ എന്ന നിലയിലാണ്. ഒരു ഡോളറിന് 90 രൂപ 55 പൈസ എന്ന ഡിസംബർ 12ലെ റെക്കോർഡാണ് ഇന്ന് മറികടന്നിരിക്കുന്നത്. ഇന്നത്തെ വിനിമയത്തിൽ ഇതുവരെ ഒരുതവണ പോലൂം രൂപ തിരിച്ചുവരവിന് ശ്രമിച്ചിട്ടില്ല. ഡോളറിനുള്ള ഉയർന്ന ഡിമാൻഡും ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ കാലതാമസവുമാണ് രൂപയുടെ തകർച്ചയ്ക്ക് കാരണമായി വിലയിരുത്തുന്നത്.

കഴിഞ്ഞ 15 ദിവസമായി രൂപയുടെ വിനിമയ നിരക്ക് ഇടിവിലാണ്. യുഎസ് വ്യാപാര കരാറിലെ കാലതാമസം, വിദേശ നിക്ഷേപം പിൻവലിക്കപ്പെട്ടത്, വർദ്ധിച്ചുവരുന്ന വ്യാപാര കമ്മി എന്നിവയാണ് രൂപയെ തകർക്കുന്ന പ്രധാന ഘടകങ്ങൾ. ഈ വർഷം മാത്രം, ഡോളറിനെതിരെ കറൻസി 5% ത്തിലധികം ഇടിഞ്ഞു, ആഗോള കറൻസികളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കറൻസിയായി രൂപ മാറി. ടർക്കിഷ് ലിറയ്ക്കും അർജൻ്റീനയുടെ പെസോയ്ക്കും പിന്നിലേക്ക് രൂപ എത്തപ്പെട്ടു. ഡോളർ സൂചിക 7% ത്തിലധികം കുറഞ്ഞപ്പോഴും ഈ ഇടിവ് തുടർന്നു എന്നതാണ് ശ്രദ്ധേയം.

ഓഹരി വിപണിയും ഇന്ന് തകർച്ചയിലാണ്. സെൻസെക്സ് 298.86 പോയിൻ്റ് കുറഞ്ഞ് 84,968.80 ലും നിഫ്റ്റി 121.40 പോയിന്റ് കുറഞ്ഞ് 25,925.55 ലും വ്യാപാരം നടത്തുന്നത്. മാത്രമല്ല, വെള്ളിയാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ 1,114.22 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതായാണ് റിപ്പോർട്ട്. ഇതും രൂപയ്ക്ക് തിരിച്ചടിയാണ്. അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകർ 3,868.94 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായാണ് സൂചന. ഇന്ത്യ-യുഎസ് വ്യാപാര കരാർ വിപണിയിൽ ഒരു പ്രധാന തടസ്സമായി തുടരുന്നുവെന്നും ഇത് അമേരിക്കയിലുള്ള ഇന്ത്യയുടെ കയറ്റുമതിയെ ബാധിച്ച് വ്യാപാര കമ്മി കൂട്ടുന്നുവെന്നും, രൂപയുടെ തുടർച്ചയായ മൂല്യത്തകർച്ചയ്ക്ക് കാരണമാകുന്നുവെന്നും വിദഗ്ദ്‌ർ വ്യക്തമാക്കുന്നു.

Previous Post Next Post