കണ്ണൂർ :- ജില്ലയ്ക്ക് പുറത്തു നിന്ന് നിരോധിത ഒറ്റത്തവണ ഉപയോഗവസ്തുക്കളും വ്യാജ ബയോക്യാരി ബാഗുകളും എത്തിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കുമെന്ന് എഡിഎം കലാ ഭാസ്കർ അറിയിച്ചു. ഹരിത തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിളിച്ചുകൂട്ടിയ, കണ്ണൂർ നഗരത്തിലെ പ്ലാസ്‌റ്റിക് മൊത്തവ്യാപാരികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. അംഗീകൃത വ്യാപാരികൾക്ക് ഭീഷണിയായി ഇരുചക്ര വാഹനങ്ങളിലെത്തി ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നവർക്കെതിരെ നടപടികൾ എടുക്കണമെന്നു വ്യാപാരികൾ ആവശ്യപ്പെട്ടു.
വ്യാജ ബയോ ഉൽപന്നങ്ങൾ തിരിച്ചറിയാനുള്ള ഡൈക്ലോറോ മീഥൈൻ ടെസ്‌റ്റ് എൻഫോഴ്സസ്മെന്റ് ടീമുകൾ സൗജന്യമായി നടത്തുന്നുണ്ടെന്ന് ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ കെ.എം സുനിൽ കുമാർ പറഞ്ഞു. തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയറക്‌ടർ ടി.വി സുഭാഷ്, ജില്ലാ എൻഫോഴ്സ്മെന്റ്റ് ടീം അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
തദ്ദേശ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സസ്മെന്റ് സ്ക്വാഡ് പാനൂർ നഗരസഭയിൽ നടത്തിയ പരിശോധനയിൽ 68 കിലോഗ്രാം വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി. കരിയാട് ടൗണിലെ പ്ലാസ്റ്റിക് മൊത്ത വ്യാപാര സ്‌ഥാപനത്തിൽ നിന്നാണു പിടികൂടിയത്. കവറിന് പുറത്തുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്യുമ്പോൾ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നുണ്ടെങ്കിലും ഡൈക്ലോറോ മീഥൈൻ ടെസ്റ്റിൽ നിരോധിത പ്ലാസ്റ്റിക് ആണെന്ന് വ്യക്തമായി. 10,000 രൂപ പിഴ ചുമത്തി.
