അർഹത ഇല്ലാത്തവരുടെ ഓപ്പൺ വോട്ട് തടയണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം


പയ്യാവൂർ :- അർഹത ഇല്ലാത്തവരുടെ വോട്ട് ഓപ്പൺ വോട്ട് ആക്കുന്നുണ്ടെങ്കിൽ അത് തടയണമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകി. അന്ധരോ അവശരോ ആയവർക്ക് സഹായിയെ ഉപയോഗിച്ച് വോട്ട് ചെയ്യാവുന്ന ഓപ്പൺ വോട്ടിൻ്റെ മറവിൽ ഒരു ആരോഗ്യപ്രശ്നവുമില്ലാത്ത തങ്ങൾക്ക് വോട്ട് ചെയ്യില്ലെന്ന് സംശയമുള്ള വോട്ടർമാരെ വ്യാപകമായി ചില രാഷ്ട്രീയപാർട്ടി പ്രവർത്തകർ ഓപ്പൺ വോട്ട് ചെയ്യിക്കുന്നുണ്ട്. ഇത് തടയണമെന്ന് ആവശ്യപ്പെട്ട് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പയ്യാവൂർ ഡിവിഷൻ സ്ഥാനാർഥി സവിതാ ജയപ്രകാശ് നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്. 

പയ്യാവൂർ പഞ്ചായത്തിലെ കുഞ്ഞിപ്പറമ്പ്, ചാമക്കാൽ, പയ്യാവൂർ, കോയിപ്ര, വെമ്പുവ എന്നീ വാർഡുകളും ഏരുവേശ്ശി പഞ്ചായത്തിലെ മുയിപ്ര, ഏരുവേശ്ശി, പൂപ്പറമ്പ്, ചെളിമ്പറമ്പ്, താരചീത്ത എന്നീ വാർഡുകളും ഉൾപ്പെട്ടതാണ് പയ്യാവൂർ ഡിവിഷൻ. ഈ വാർഡുകളിൽ മുൻകാലങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെയും മറ്റും ഭീഷണിപ്പെടുത്തി വ്യാപകമായി ഇത്തരത്തിൽ ഓപ്പൺ വോട്ട് ചെയ്തിരുന്നെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് നേരത്തേ ഹർജിക്കാരി തിരഞ്ഞെടുപ്പ് കമ്മിഷനും റിട്ടേണിങ് ഓഫീസർക്കും പരാതി നൽകിയിരുന്നു. പിന്നീട് ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു. നിയമവും ചട്ടങ്ങളും അനുസരിച്ച് അർഹതയുള്ളവരെ മാത്രമേ ഓപ്പൺ വോട്ട് ചെയ്യിക്കുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിക്ക് ഉറപ്പുനൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഹർജി തീർപ്പാക്കുകയായിരുന്നു.

തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി ഓപ്പൺ വോട്ട് ചെയ്യിക്കുന്നത് തടയുന്നതിൻ്റെ ഭാഗമായി യുഡിഎഫ് നേതൃത്വം പയ്യാവൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനുശേഷം ആവശ്യമെങ്കിൽ തുടർക്കേസുമായി മുന്നോട്ടുപോകുമെന്ന് യുഡി എഫ് നേതാക്കൾ അറിയിച്ചു. അഭിഭാഷകരായ വി.ടി മാധവനുണ്ണി, വി.എ സതീഷ് എന്നിവരാണ് ഹർജിക്കാരിക്കുവേണ്ടി ഹാജരായത്.

Previous Post Next Post