കാസർഗോഡ് :- സംസ്ഥാനത്ത് രാസവള ക്ഷാമം രൂക്ഷം. യൂറിയയും പൊട്ടാഷും കിട്ടാനില്ലാതെ കർഷകർ ദുരിതത്തിലായി. നെല്ല്, വാഴ, പച്ചക്കറി കൃഷികൾ ആരംഭിക്കാൻ സമയമായതോടെ വളംതേടിയുള്ള ഓട്ടപ്പാച്ചിലിലാണ് കർഷകർ. കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട്ടുള്ള വളം ഡിപ്പോയിൽ മാത്രമാണ് നിലവിൽ യൂറിയ ലഭ്യമായിട്ടുള്ളത്. കുട്ടനാട്ടിലെ നെൽക്കൃഷി മേഖലയിൽ യൂറിയ ക്ഷാമം രൂക്ഷമാണ്. വളം വിതരണം ചെയ്യുന്ന സഹകരണ സംഘങ്ങളിൽ ആവശ്യത്തിന് യൂറിയ സ്റ്റോക്കില്ല. യൂറിയ ലഭിക്കണമെങ്കിൽ തങ്ങൾ ഉൽപാദിപ്പിക്കുന്ന മറ്റു വളങ്ങളും വാങ്ങണമെന്ന് നിർമാതാക്കൾ സഹകരണ സംഘങ്ങളോട് ആവശ്യപ്പെടുന്നതിനാൽ ഉപയോഗമില്ലാത്ത തരം വളങ്ങളും വാങ്ങേണ്ട സ്‌ഥിതിയാണ്.
എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലയിലും യൂറിയ ക്ഷാമം രൂക്ഷമാണ്. യൂറിയയ്ക്കു പകരം മറ്റുവളങ്ങൾ ഉപയോഗിക്കേണ്ട അവസ്‌ഥയിലാണു കർഷകരി ലേറെയും. ക്ഷാമം ഈ സീസണിൽ പ്രതീക്ഷിതമാണെന്നതിനാൽ പല കർഷകരും യൂറിയ മുൻകൂട്ടി ശേഖരിച്ചുവയ്ക്കാറുണ്ട്. എന്നാൽ ഇത്തവണ അധികം പേർക്ക് അതിനു സാധിച്ചിട്ടില്ല. നെൽക്കൃഷിക്ക് ഏക്കറിന് 15 മുതൽ 20 വരെ കിലോഗ്രാം യുറിയ ആവശ്യമുണ്ട്. ആ തോതിൽ വളം ലഭിക്കുന്ന സ്ഥിതി ഇപ്പോഴില്ല. 2 മാസമായി ക്ഷാമമുണ്ടെങ്കിലും ഇപ്പോൾ ഒട്ടും ലഭിക്കാത്ത സ്ഥിതിയായെന്ന് കർഷകർ പറയുന്നു. വിതരണം ശരിയായി നടക്കുന്നില്ലെന്ന് ഡിപ്പോ അധികൃതരും സമ്മതിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ സബ്‌സിഡിയുള്ള യൂറിയയും പൊട്ടാഷും ഓരോ ജില്ലയ്ക്കും നിശ്ചിത ക്വോട്ടയനുസരിച്ചാണ് അനുവദിക്കുന്നത്.
സബ്സിഡി യൂറിയയ്ക്ക് 45 കിലോഗ്രാം ചാക്കിന് 266 രൂപയാണു നിരക്ക് (കിലോഗ്രാമിന് 6 രൂപയോളം) എന്നാൽ, കയറ്റിറക്ക്, ചരക്കുനീക്കച്ചെലവുകൾ കണക്കാക്കി പല ജില്ലകളിലും സഹകരണ സംഘങ്ങളും വ്യാപാരികളും 8 രൂപവരെ ഈടാക്കുന്നുണ്ട്. എന്നാൽ മറ്റു വളങ്ങൾക്കു സബ്‌സിഡി ഇല്ലെന്നു മാത്രമല്ല യൂറിയയെക്കാൾ അഞ്ചിരട്ടിയോളം വില വരുകയും ചെയ്യും. 18-18 പോലുള്ള വളങ്ങൾക്കു കിലോയ്ക്ക് 29 രൂപവരെ വില വരും. 12 രൂപ മുടക്കേണ്ടിടത്ത് 58 രൂപ കർഷകൻ മുടക്കേണ്ടി വരും. പൊട്ടാഷിന് 50 കിലോഗ്രാമിന് 1750 രൂപയാണു വില. ഇതുപക്ഷേ, ഹോൾസെയിൽ കടകളിലെത്തിയിട്ടുണ്ട്. വൈകാതെ കർഷകർക്കു ലഭ്യ മാകുമെന്നാണു പ്രതീക്ഷ.
പൊട്ടാഷിനും യൂറിയയ്ക്കും മാത്രമല്ല, ഫാക്ടംഫോസ് ഉൾപ്പെടെയുള്ള എല്ലാ വളങ്ങൾക്കും ഈ വർഷം ക്ഷാമമായിരുന്നു. ഫാക്ടംഫോസ് കേരളത്തിൽ ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും കയറ്റുമതിയാണു കൂടുതലെന്നും മറ്റു വളങ്ങളെല്ലാം ഇറക്കുമതി ചെയ്താണു വിതരണം ചെയ്യുന്നതെന്നും വളം വിൽപനക്കാർ പറഞ്ഞു. നെൽക്കൃഷി ആരംഭത്തിൽ തന്നെ അംഗീകൃത വളം ഡിപ്പോകളിൽ ആവശ്യത്തിനുണ്ടോ എന്നന്വേഷിച്ചു റിപ്പോർട്ട് നൽകേണ്ടത് കൃഷിവകുപ്പ് ഉദ്യോഗസ്ഥരാണ്. സാധാരണയായി മാസത്തിൽ ഒരു തവണയാണ് പരിശോധന നടക്കാറുള്ളത്. എന്നാൽ, 2 മാസമായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ഇൻസ്പെക്ഷൻ പലയിടത്തും കൃത്യമായി നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
