കണ്ണൂർ :- നിർമാണച്ചട്ടം ലംഘിച്ചു കാൽടെക്സിൽ കെട്ടിപ്പൊക്കിയ 10 നിലക്കെട്ടിടം പൊളിച്ചു നീക്കണമെന്ന കോർപറേഷൻ നിർദേശത്തെ തുടർന്ന് പൊളിക്കൽ നടപടികൾ ആരംഭിച്ചു. ഹൈഡ്രോളിക് ക്രെയിനിൽ യന്ത്രഭാഗങ്ങൾ മുകളിലെത്തിച്ചാണ് കെട്ടിടം പൊളിക്കുന്നത്. എൻഎസ് ടാക്കീസിനു സമീപം 10 വർഷം മുൻപ് നിർമിച്ച് പാതിപൂർത്ത്യായ കെട്ടിടമാണ് പൊളിക്കുന്നത്. കോർപറേഷനിൽ നൽകിയ പ്ലാനിനു വിരുദ്ധമായാണ് കെട്ടിടം നിർമിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 7 നിലയ്ക്കാണ് അനുമതി ലഭിച്ചതെങ്കിലും 10 നിലയാണു നിർമിച്ചത്. ചെറിയ സ്‌ഥലത്ത് കൂറ്റൻ കെട്ടിടം നിർമിക്കുന്നത് അനധികൃതമെന്ന് കണ്ടെത്തിയതിനാലാണ് പൊളിക്കുന്നത്. ഇത്തരത്തിൽ നടപടി നേരിട്ട് പൊളിക്കുന്ന നഗരത്തിലെ ആദ്യ കെട്ടിടമാകും ഇത്.
നേരത്തേ വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ അനധികൃത നിർമാണത്തിൻ്റെ ഭാഗമായി ചില കെട്ടിടങ്ങളുടെ തള്ളിനിൽക്കുന്ന ഭാഗങ്ങൾ മാത്രം പൊളിച്ചു നീക്കിയിരുന്നു.തലശ്ശേരി ഭാഗത്തു നിന്നു നഗരത്തിലേക്ക് വരുമ്പോൾ കാൽടെക്സിനു സമീപം തലയുയർത്തി നിൽക്കുന്നയാണ് ഇപ്പോൾ നടപടി ഉണ്ടായ കെട്ടിടത്തിനെതിരെ .പത്തു നിലകളിലും പുറം ചുമരുകളുടെ നിർമാണം ഉൾപ്പെടെ പൂർത്തിയായിരുന്നു. നടപടി ഒഴിവാക്കാനായി ഒട്ടേറെ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടാവാത്ത തിനെ തുടർന്നാണ് പൊളിച്ചു നീക്കലെന്ന അപൂർവ നടപടി. നിശ്ചിത അളവിൽ പാർക്കിങ് സൗകര്യം ഇല്ലെന്നു കണ്ടെത്തി ഒട്ടേറെ കെട്ടിടങ്ങൾക്കെതിരെ നടപടി ഉണ്ടായിട്ടുണ്ടെങ്കിലും പിന്നീട് അശാസ്ത്രീയതകൾ പരിഹരിച്ച് അനുമതി നൽകുകയായിരുന്നു പതിവ്.
