തൊടുപുഴ :- മഞ്ഞു പെയ്യാൻ തുടങ്ങിയതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും കൂടി. സീസൺ ആരംഭിച്ചിട്ടും ഇത്തവണ കാര്യമായ പുരോഗതി ലഭിക്കാതിരുന്ന ടൂറിസം മേഖലയെയാണ് മഞ്ഞുവീഴ്ച ചൂടു പിടിപ്പിച്ചിരിക്കുന്നത്. സഞ്ചാരികൾക്കു നേരെ ഉണ്ടായ ആക്രമണങ്ങളും ഗതാഗത കുരുക്കും ബാധിച്ച മൂന്നാറിൽ ക്രിസ്മസ്-ന്യൂഇയർ ബുക്കിങ് മികച്ച രീതിയിൽ പുരോഗമിക്കുകയാണ് നിലവിൽ. കഴിഞ്ഞ 10 ദിവസങ്ങളിൽ രാവിലത്തെ ഒരു ദിവസം ഒഴികെ എല്ലാ ദിവസവും 5 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് താപനില രേഖപ്പെടുത്തിയത്. ഞായറാഴ്ച മുതൽ ഇത് മൈനസ് ഡിഗ്രി സെൽഷ്യസിലേക്കും കടന്നതോടെ മൂന്നാറിലെ മലനിരകളിലും പുൽമേട്ടുകളിലും മഞ്ഞ് പുത ഞ്ഞു തുടങ്ങി. കന്നിമല, സെവൻമല, വട്ടവട, പാമ്പാടുംഷോല എന്നിവിടങ്ങളിൽ രാവിലെ മഞ്ഞ് കാണാനെത്തുന്ന സഞ്ചാരികളുടെ ഒട്ടേറെയാണ്. തലേന്ന് രാത്രി മൂന്നാറിലെത്തി തങ്ങിയാണ് കൂടുതൽ പേരും മഞ്ഞ് ആസ്വദിക്കുന്നത്.
മുൻ വർഷം ജനുവരി ആദ്യമായിരുന്നു താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തിയത്. പ്രതിദിനം 3 മുതൽ 6 കോടി രൂപ വരെ വരുമാനമാണ് സീസൺ ഉഷാറായതോടെ മൂന്നാറും സമീപ പ്രദേശങ്ങളും ഉൾപ്പെടുന്ന ഹോട്ടൽ ശൃംഖല ലക്ഷ്യമിടുന്നത്. ഏകദേശം 15000 ഹോട്ടൽ മുറികൾ ആകെയുണ്ട്. ഇതിൽ 10000 എങ്കിലും സീസണിലെ പ്രധാന ദിവസങ്ങളിൽ ബുക്ക് ചെയ്യപ്പെട്ടേക്കും. മൂന്നാറിലെത്തുന്ന ഒരാൾ താമസത്തിനും ഭക്ഷണത്തിനുമായി പ്രതിദിനം കുറഞ്ഞത് 3000 മുതൽ 6000 - രൂപ വരെ ചെലവഴിക്കുമെന്നാണ് കണക്ക്. ഇന്നു മുതൽ ക്രിസ്മസ് അവധിക്കായി സ്കൂളുകൾ അടയ്ക്കുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ പേർ മൂന്നാറിലെത്തും.
