മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തോട് അനുബന്ധിച്ചു സ്ഥാപിക്കുന്ന ഹജ് ഹൗസ് ആദ്യഘട്ടത്തിന്റെ നിർമാണ പ്രവൃത്തി അടുത്തമാസം ആരംഭിക്കും. ഭരണാനുമതി ലഭിക്കുന്നതോടെ നിർമാണം തുടങ്ങാനുള്ള തയാറെടുപ്പിലാണ് അധികൃതർ. പ്ലാനും എസ്റ്റിമേറ്റും അംഗീകരിച്ച് ഹജ് ഹൗസ് സ്ഥാപിക്കുന്ന സ്ഥലത്തെ മണ്ണുപരിശോധന പൂർത്തിയാക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിലുണ്ടായിരുന്നതിനാൽ ഭരണാനുമതി നൽകുന്നത് നീണ്ടുപോവുകയായിരുന്നു. 5 കോടി രൂപയുടെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളാണ് അടുത്തമാസം ആരംഭിക്കുന്നത്.
5 നിലകളിലായി ഒരുങ്ങുന്ന ഹജ് ഹൗസിൻ്റെ ആകെ നിർമാണച്ചെലവ് 38 കോടി രൂപയാണ്. കഴിഞ്ഞ ബജറ്റിൽ 5 കോടി രൂപ വക യിരുത്തിയിട്ടുണ്ട്. തറക്കല്ലിടൽ വേദിയിൽ വച്ചു തന്നെ നിർമാണത്തിനായി 85 ലക്ഷം രൂപയുടെ വാഗ്ദാനം ലഭിച്ചിരുന്നു. ഹജ് ഹൗസ് നിർമാണത്തിനായി പൊതുജനങ്ങളിൽ നിന്നു തുക സമാഹരിക്കുന്നതിന് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഹജ് തീർഥാടനമില്ലാത്ത സമയത്തു ഹജ് ഹൗസ് പൊതുപരിപാടികൾക്കു വിട്ടുനൽകും. വിമാനത്താവളത്തിലെ മൂന്നാം ഗേറ്റിനു സമീപത്തു കിയാൽ വിട്ടു നൽകിയ സ്ഥലത്താണു ഹജ് ഹൗസ് നിർമിക്കുന്നത്.
