ശബരിമലയിൽ ദിനംപ്രതി കുന്ന് കൂടുന്നത് ടൺ കണക്കിന് മാലിന്യങ്ങൾ ; ശുചീകരണത്തിന് ആയിരം പേർ അടങ്ങുന്ന വിശുദ്ധി സേന


പത്തനംതിട്ട :- ഓരോ ദിവസവും ശബരിമലയിൽ കുന്ന് കൂടുന്നത് ടൺ കണക്കിന് മാലിന്യമാണ്. ഈ മാലിന്യമത്രയും കൃത്യമായ ഏകോപനത്തോടെയാണ് സന്നിധാനത്ത് തന്നെ സംസ്ക്കരിക്കുന്നത്. ആയിരം പേർ അടങ്ങുന്ന വിശുദ്ധി സേനയാണ് സന്നിധാനത്തെ മാലിന്യങ്ങൾ നീക്കി സുന്ദരമാക്കുന്നത്. ജില്ലാ ഭരണകൂടം നിയോഗിച്ച വിശുദ്ധി സേന അഞ്ച് ട്രാക്ടറുകളിലായി സന്നിധാനത്തും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുള്ള കുപ്പത്തൊട്ടികളിൽ നിറയുന്ന മാലിന്യങ്ങൾ ശേഖരിക്കും. മരക്കൂട്ടം മുതലുള്ള മാലിന്യമത്രയും ശേഖരിച്ച് ട്രാക്ട്‌ടറുകൾ നേരെ പാണ്ടിത്താവളത്തിലേക്ക്. ഒരു ദിവസം 30 തവണയാണ് ഇങ്ങനെ മാലിന്യ ശേഖരണം. 

ഇവിടെ മാലിന്യ പ്ലാന്റിലെത്തിച്ച് വേർതിരിച്ചു കഴിഞ്ഞാൽ ജൈവ മാലിന്യങ്ങൾ തുമ്പൂർമുഴി കമ്പോസ്റ്റിലേക്കും അജൈവ മാലിന്യങ്ങൾ ഇൻസിനറേറ്ററിലേക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്ന് ഇൻസിനറേറ്ററുകളുണ്ട്. ഒന്നിൽ 300 കിലോ മാലിന്യം ഒരു മണിക്കൂറിൽ സംസ്കരിക്കുമ്പോൾ മറ്റ് രണ്ട് ഇൻസിനററ്ററുകളിൽ 200 കിലോ വീതം ഒരേ സമയം കത്തിക്കാം. ഇരുമുടി കെട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സംസ്കരണത്തിൽ വലിയ വെല്ലുവിളി. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയാണ് പ്ലാന്റ്റിന്റെ ഓപ്പറേഷനും മെയിന്റനൻസും. നിയന്ത്രണം ദേവസ്വം ബോർഡിന് കീഴിലുള്ള എൺവയോൺമെൻ്റൽ സബ് ഡിവിഷനും. ഒരു ദിവസം ശരാശരി 45 ലോഡ് മാലിന്യമാണ് നീക്കുന്നത്. മാലിന്യം നീക്കുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 24 ട്രാക്ട‌റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Previous Post Next Post