ചുമ മരുന്നിലെ അപകടം ; രാജ്യത്ത് കർശന പരിശോധന


ന്യൂഡൽഹി :- ചുമ മരുന്നുകൾ കഴിച്ച് കുട്ടികൾ മരിച്ച സാഹചര്യത്തിൽ എഴുന്നൂറിലേറെ മരുന്നു നിർമാതാക്കളെ കർശന പരിശോധനയ്ക്കു വിധേയമാക്കുന്നതായി ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയെ അറിയിച്ചു. കേന്ദ്ര, സംസ്ഥാന ഡ്രഗ് കൺട്രോൾ ഓഫിസുകൾ കൂടുതൽ തവണ സാംപിളുകൾ ശേഖരിക്കാൻ തുടങ്ങിയതായും മന്ത്രി പറഞ്ഞു. വി.ശിവദാസൻ ഉൾപ്പെടെ 3 പേരാണ് ഈ വിഷയം രാജ്യസഭയിൽ ഉന്നയിച്ചത്.

വിവിധ സംസ്ഥാനങ്ങളിലെ മരുന്നു നിർമാണ കേന്ദ്രങ്ങൾ പരിശോധിച്ചു. കുട്ടികൾ കഴിച്ച 19 മരുന്നുകളുടെ സാംപിളുകൾ പരിശോധിച്ചതിൽ തമിഴ്‌നാട്ടിലെ ശ്രീശൻ ഫാർമസ്യൂട്ടിക്കൽ നിർമിച്ചത് ഉൾപ്പെടെ നാലെണ്ണം നിലവാരമില്ലാത്തതാണെന്നു കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. ഇവരുടെ ലൈസൻസ് റദ്ദാക്കുകയും ക്രിമിനൽ നടപടികൾക്ക് നിർദേശിക്കുകയും ചെയ്‌തു. കുട്ടികൾക്ക് ചുമ മരുന്ന് നൽകുന്നതു സംബന്ധിച്ച മാർഗനിർദേശം രാജ്യത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും നൽകിയതായും മന്ത്രി പറഞ്ഞു.

Previous Post Next Post