നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും


കൊച്ചി :- നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷൻ്റെ അപ്പീൽ നടപടികൾ തുടങ്ങി. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. കേസിലെ അപ്പീൽ സാധ്യതകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ തയറാക്കി. ഡയറക്ട‌ർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് ഇന്ന് റിപ്പോർട്ട് കൈമാറും. വിചാരണക്കോടതി ഉത്തരവ് പരിഗണിച്ച് അപ്പീൽ തയാറാക്കുന്ന നടപടികളും തുടങ്ങി. ഈയാഴ്ച‌ ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം.

കേസിൽ വിധി പ്രസ്‌താവിക്കുന്നതിന് മുൻപ് വിധിയുടെ വിശദാംശങ്ങൾ ചോർന്നെന്ന ഊമ കത്തിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡിജിപിയെ വിവരം ധരിപ്പിച്ചിട്ടുണ്ട്. നേരത്തെ ഈ കത്ത് കിട്ടിയതിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നു. എന്നാൽ അതിൽ അഭിഭാഷക അസോസിയേഷനുള്ളിൽ തന്നെ ഭിന്നാഭിപ്രായമുയർന്നിരുന്നു. കേസിൽ ഒന്ന് മുതൽ ആറ് വരെ പ്രതികളെ ശിക്ഷിക്കുമെന്നും മറ്റുള്ളവരെ വെറുതെവിടുമെന്നും വിധി എഴുതിയ ശേഷം ദിലീപിൻ്റെ അടുത്ത സുഹൃത്തിന് കാണിച്ചു എന്നുമെല്ലാമായിരുന്നു ആരോപണം.

ദീലിപിന്റെ ക്വട്ടേഷനെന്ന വാദം സ്ഥാപിക്കാൻ പ്രോസിക്യൂഷന് ഒരു ഘട്ടത്തിലും കഴിഞ്ഞില്ലെന്നാണ് വിധിന്യായത്തിൽ ചൂണ്ടാക്കാട്ടുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി നഗ്ന ദൃശ്യങ്ങൾ പകർത്തി ബ്ലാക് മെയിൽ ചെയ്ത് പണം കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് ആദ്യ ഘട്ട കുറ്റപത്രത്തിലുള്ളത്. 6 പ്രതികളും ഇയൊരൊറ്റ ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചത്. തുടരന്വേഷണം വേണമെന്ന് ആദ്യഘട്ട കുറ്റപത്രത്തിൽ ശുപാർശയുണ്ടെങ്കിലും ദൃശ്യങ്ങൾ പകർത്തിയ ഫോണും മെമ്മറി കാർഡും കണ്ടെത്താനെന്നാണ് വിശദീകരണം. പൾസർ സുനിയുടെയും കൂട്ടുപ്രതികളുടെയും കൃത്യത്തിനുമപ്പുറത്ത് മറ്റൊരു ഗൂഢാലോചനയുണ്ടെന്ന് എന്നതിന്റെ സൂചനകളൊന്നും ആദ്യഘട്ട റിപ്പോർട്ടിലില്ല. അതിനുശേഷമാണ് ഗൂഢാലോചനാവാദം നിരത്തി ദിലീപിലേക്ക് അന്വേഷണമെത്തുന്നത്. ജയിലിൽക്കിടന്ന് പൾസർ സുനി അയച്ച കത്തിനെ ആസ്പദമാക്കി മാത്രമാണോ ദിലീപിലേക്ക് അന്വേഷണം എത്തിയതെന്നും കോടതി പ്രോസിക്യൂഷനോട് ചോദിക്കുന്നുണ്ട്.

ദിലീപിന് തന്നോട് വൈരാഗ്യമുണ്ടായിരുന്നു എന്നാണ് ആക്രമികക്കപ്പെട്ട നടി മൊഴി നൽകിയത്. എന്നാൽ സംഭവം നടന്ന് രണ്ടുമാസത്തിനുശേഷവും നടിയക്ക് ദിലീപിനെക്കുറിച്ച് സംശയമോ പരാതിയോ ഉണ്ടായിരുന്നില്ല. ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ് ഇക്കാര്യം ഉയർന്നുവരുന്നത്. ദിലീപിനെ ഭയപ്പെട്ടിരുന്നതുകൊണ്ടാണ് നടി ഇക്കാര്യം പറയാതിരുന്നതെന്ന പ്രോസിക്യൂഷൻ വാദത്തിന് പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി. ഉന്നത ഐപി എസ് ഉദ്യോഗസ്ഥരടക്കം അന്വേഷണത്തിന്റെ ഭാഗമാണെന്നിരിക്കെ ഇക്കാര്യം അറിയിക്കാനുള്ള അവസരം നടിയ്ക്കുണ്ടായിരുന്നു. ഇത്തരത്തിലുള്ള വിവിധ വശങ്ങൾ പരിഗണിക്കുമ്പോൾ ഗൂഢാലോചനാവാദം ഉയർത്തി ദിലീപിലേക്കത്താൻ പൊലീസ് ആശ്രയിച്ച തെളിവുകളും സാക്ഷിമൊഴികളും നിലനിൽക്കില്ല എന്നുതന്നെയാണ് വിചാരണക്കോടതിയുടെ കണ്ടെത്തൽ.

Previous Post Next Post