കുന്നത്തൂർപാടി :- മുത്തപ്പൻ്റെ ആരുഡസ്ഥാനമായ കുന്നത്തൂർപാടിയിൽ മഹോത്സവം പുരോഗമിക്കുമ്പോൾ കേരളത്തിന് അകത്തും പുറത്തുനിന്നുമായി നിരവധി ഭക്തരാണ് പാടിയിലെത്തുന്നത്. പറശ്ശിനി മടപ്പുര ക്ഷേത്രം കുടുംബാംഗങ്ങൾ പി.സജീവന്റെ നേതൃത്വത്തിൽ 50 സ്ത്രീകളടക്കം നൂറോളം പേരും കർണാടകയിലെ മംഗളൂരു റെയിൽവെ മുത്തപ്പൻ മടപ്പുരയിലെ തിലകൻ മടയന്റെ നേതൃത്വത്തിൽ സ്ത്രീകളടക്കം 25 പേരുമാണ് പാടിയിൽ എത്തി മുത്തപ്പനെ ദർശിച്ച് സായൂജ്യമടഞ്ഞത്. കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനവും പറശിനിക്കടവ് മുത്തപ്പൻ മടപ്പുരയും തമ്മിലുള്ള അഭേദ്യമായ സൗഹാർദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ആചാര അനുഷ്ഠാന ചടങ്ങുകൾ പരസ്പരം മുടക്കമില്ലാതെ ഇന്നും തുടരുകയാണ്.
കുന്നത്തൂർപാടി ദേവസ്ഥാനം മാനേജിങ്ങ് ട്രസ്റ്റി എസ്.കെ കുഞ്ഞിരാമൻ നായനാർ എല്ലാ മടപ്പുരയുമായും നല്ല ബന്ധമാണ് പരിപാലിച്ചുപോരുന്ന മംഗ്ളൂരു റെയിൽവെ മടപ്പുരയിലെ എല്ലാ വിശേഷചടങ്ങുകളും എസ്.കെ കുഞ്ഞിരാമൻ നായനാരും പങ്കെടുത്തുവരുന്നുണ്ട്. പറശിനി മടപ്പുരയിൽ നിന്ന് എത്തിയവരെയും മംഗളുരു റെയിൽവെ മടപ്പുരയിൽ നിന്ന് എത്തിയവരെയും പുരളിമല മുത്തപ്പൻ ക്ഷേത്ര കമ്മറ്റി അംഗങ്ങളെയും മറ്റു തറവാട്, ക്ഷേത്രാംഗങ്ങളെയും സ്വീകരിച്ച് എല്ലാവിധ സഹായവും നൽകി.
തിരുവപ്പനയ്ക്കുശേഷം മുത്തപ്പനെയും മൂലംപെറ്റ ഭഗവതിയെയും ദർശിച്ചതിനുശേഷമാണ് ഭക്തർ മലയിറങ്ങിയത്. ന്യൂസില്, വിശാഖപട്ടണം, ചെന്നൈ, കോയമ്പത്തൂർ, മുംബൈ ഭാഗങ്ങളിൽ നിന്നുള്ള ഭക്തരും പാടിയിൽ ദർശനം നടത്തി. ഇനിയുള്ള ദിവസങ്ങളിൽ ഭക്തരുടെ തിരക്ക് നിയന്ത്രണാധീനമാകും. ദിവസവും രാത്രി ഏഴ് മണിയോടെ തുടങ്ങുന്ന കാട്ടിലെ ഉത്സവം പുലർച്ചെ അഞ്ചരയോടെയാണ് സമാപിക്കുന്നത്. ജനുവരി 15 ന് കളിക്കപ്പാട്ടോടെ കുന്നത്തൂർപാടി ഉത്സവം സമാപിക്കും.
