തിരുവനന്തപുരം :- സംസ്‌ഥാനത്തെ പെറ്റ് ഷോപ്പുകൾക്കും ഡോഗ് ബ്രീഡർമാർക്കും ഇനി മുതൽ റജിസ്ട്രേഷൻ നിർബന്ധം. സംസ്ഥാന മൃഗക്ഷേമ ബോർഡിൽ റജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മാത്രമേ ഇനി തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ലൈസൻസ് ലഭ്യമാകുള്ളു. കേന്ദ്ര സർക്കാരിന്റെ 2017 ലെയും 2018 ലെയും വിജ്‌ഞാപനങ്ങൾ പ്രകാരമാണ് നടപടികൾ. പുതിയ പെറ്റ്ഷോപ്പ് തുടങ്ങുന്നതിനും ഡോഗ് ബ്രീഡർ ആയി റജിസ്റ്റർ ചെയ്യുന്നതിനും വിൽപന നടത്തുന്നതിനുമുള്ള റജിസ്ട്രേഷൻ ഫോമുകൾ www.ahd.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്
പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം, റജിസ്ട്രേഷൻ ഫീസായി മെംബർ സെക്രട്ടറി /കൺവീനർ, മൃഗക്ഷേമ ബോർഡ്, കേരളത്തിന്റെ പേരിൽ തിരുവനന്തപുരത്തു മാറാവുന്ന 5000 രൂപയുടെ ചെക്ക്/ ഡിഡി/ ഓൺലൈൻ പേയ്മെന്റ് സഹിതം ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ പിഒ തിരുവനന്തപുരം-33 എന്ന വിലാസത്തിലേക്ക് അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷാ ഫോമുകൾ സ്കാൻ ചെയ്തു sawbkerala@gmail.com മെയിൽ വിലാസത്തിലേക്കും അയയ്ക്കണം.
