ശബരിമല സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക് ; ഇന്നലെ അനുഭവപ്പെട്ടത് ഏറ്റവും വലിയ തിരക്ക്


ശബരിമല :- ശബരിമല സന്നിധാനത്ത് ഇന്നലെ കണ്ടത് തീർഥാടനം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ തിരക്ക്. പതിനെട്ടാംപടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ടു. ശരംകുത്തി ഭാഗത്തേക്കു നീണ്ടു. ഇവരെ പരമാവധി വേഗം പതിനെട്ടാംപടി കയറ്റി വിടാൻ എഡിജിപി എസ്.ശ്രീജിത്ത്, സന്നിധാനം പോലീസ് സ്പെഷൽ ഓഫീസർ പി.ബാലകൃഷ്ണൻ എന്നിവർ നേരിട്ടെത്തി. പുലർച്ചെ 3 മുതൽ 7 വരെ മാത്രം 28,960 പേർ പതിനെട്ടാംപടി കയറിയതു വലിയ തിരക്കിൻ്റെ സൂചനയായാണ് പോലീസ് കാണുന്നത്.

വൈകുന്നേരം 4 മണി ആയപ്പോഴേക്കും ദർശനം നടത്തിയവരുടെ എണ്ണം 62,264 ആയി ഉയർന്നു. തിങ്കളാഴ്‌ച വൈകുന്നേരം പതിനെട്ടാംപടി കയറിയവരിൽ കുറഞ്ഞത് 25,000 പേർ ഇന്നലെ ധനുമാസപ്പുലരിയിലെ ദർശനത്തിനായി സന്നിധാനത്തു തങ്ങി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ കളഭാഭിഷേകത്തോടെയാണ് ഇന്നലെ ഉച്ചപ്പൂജ നടന്നത്. വൈകുന്നേരം ദീപാരാധന ദർശനത്തിനും നല്ല തിരക്കുണ്ടായിരുന്നു. മണ്ഡലപൂജയ്ക്കുള്ള പുതിയ പോലീസ് സംഘം ഇന്നു സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ചുമതലയേൽക്കും.

Previous Post Next Post