ക്രിസ്മസ്, പുതുവത്സര അവധിയാഘോഷത്തിന് ചെലവേറും ; കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ


മട്ടന്നൂർ :- ക്രിസ്മസ്, പുതുവത്സര അവധിക്ക് നാട്ടിലേക്കു യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്ന ആഭ്യന്തര യാത്രക്കാർക്ക് തിരിച്ചടി. രാജ്യത്തിന് അകത്തുനിന്ന് ഏതു വിമാനത്താവളത്തിൽ നിന്നും കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ. ഡൽഹി, മുംബൈ, മംഗളുരു, ഹൈദരാബാദ് റൂട്ടിലാണ് ടിക്കറ്റ് നിരക്ക് കൂടിയത്. ഡിസംബർ പകുതി മുതൽ ജനുവരി ആദ്യ വാരം വരെയുള്ള ടിക്കറ്റുകൾക്കാണു നിരക്ക് ഉയർത്തിയത്. ഡിസംബർ 23 മുതൽ ജനുവരി 3 വരെയുള്ള ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ നിരക്ക്. 3,400 രൂപ മുതലുള്ള കണ്ണൂർ-ബെംഗളൂരു റൂട്ടിൽ 30ന് 7,000 രൂപയ്ക്ക് മുകളിൽ നൽകണം.

4,800 രൂപ മുതൽ നിരക്ക് ഉണ്ടായിരുന്ന കണ്ണൂർ-ഹൈദരാബാദ് റൂട്ടിൽ 28ന് 10,000 രൂപയ്ക്ക് മുകളിൽ നൽകണം. 30ന് കണ്ണൂർ-മുംബൈ റൂട്ടിലും ടിക്കറ്റ് ലഭിക്കാൻ 10,000 രൂപയ്ക്ക് മുകളിൽ നൽകണം. തിരിച്ച് മുംബൈയിൽ നിന്ന് 27ന് കണ്ണൂരിലേക്ക് 18,000 രൂപയാണു ടിക്കറ്റ് നിരക്ക്. ഓണം, വിഷു, ഈസ‌ർ, പെരുന്നാൾ, ക്രിസ്മസ് പുതുവർഷം തുടങ്ങി വിശേഷ അവസരങ്ങളിലും യാത്രക്കാരെ മുന്നിൽ കണ്ട് എയർ ലൈനുകൾ നേരത്തെ തന്നെ ഓൺലൈനിൽ ടിക്കറ്റ് നിരക്ക് ഉയർത്തിവയ്ക്കും. അവധി മുൻകൂട്ടി ആസൂത്രണം ചെയ്യാതെ അവസാന നിമിഷത്തേക്കെത്തിയാൽ ഇരട്ടിയോളം തുക നൽകണം.

Previous Post Next Post