ശബരിമല സ്വർണകൊള്ള കേസ് ; അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി


കൊച്ചി :- ശബരിമല സ്വർണകൊള്ള കേസിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി. അന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച ആറാഴ്‌ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒരു മാസം കൂടി നീട്ടി നൽകിയത്. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയത്. കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ചു. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്ഐടി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഒരു മാസം കൂടി ഹൈക്കോടതി ദേവസ്വം ബെഞ്ച് അനുവദിച്ചത്. സ്വർണകൊള്ള കേസിലെ എഫ്‌ഐആർ, അനുബന്ധ രേഖകൾ എന്നിവ ആവശ്യപ്പെട്ട് ഇഡിക്ക് പുതിയ അപേക്ഷ സമർപ്പിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകേണ്ടത്.

സ്വർണകൊള്ളയിൽ അന്വേഷണം നടത്തുന്നതിന്റെ്റെ ഭാഗമായാണ് ഇഡി രേഖകൾ ആവശ്യപ്പെട്ടത്. എന്നാൽ, സർക്കാരിനെകൂടി കേട്ടശേഷമെ രേഖകൾ നൽകുന്നതിൽ തീരുമാനം എടുക്കുകയുള്ളുവെന്നും കോടതി ഇഡിയെ അറിയിച്ചു. അന്വേഷണം ഒരു മാസം കൂടി നീട്ടിയതോടെ ഇതോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘത്തിന് നാലാഴ്ചത്തെ സമയം കൂടി ലഭിച്ചു. മുൻ ദേവസ്വം പ്രസിഡൻ്റ് എ പത്മകുമാറിന്റെ അറസ്റ്റിനുശേഷമുള്ള അന്വേഷണ പുരോഗതിയാണ് ഇന്ന് ഹൈക്കോടതിക്ക് അന്വേഷണ സംഘം കൈമാറിയത്. ശബരിമലയിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം അടക്കം ഇനിയും വന്നിട്ടില്ല. ഇക്കാര്യങ്ങളടക്കം ഹൈക്കോടതിയെ അറിയിച്ചു.ശബരിമല സ്വർണകൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റാണ് ആദ്യമുണ്ടാകുന്നത്. പിന്നാലെ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ തിരുവാഭരണ കമ്മീഷണർ കെഎസ് ബൈജു, മുൻ പ്രസിഡൻ്റ് എ വാസു, മുൻ പ്രസിഡന്റ് പത്മകുമാർ എന്നിവരെയും അറസ്റ്റ് ചെയ്തു. പ്രതികളെല്ലാം ഇപ്പോൾ റിമാൻഡിലാണ്. ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്നലെ നീട്ടിവെച്ചിരുന്നു. 

ഈ മാസം എട്ടിലേക്കാണ് മാറ്റിയത്. ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് പത്മകുമാർ കൊല്ലം വിജിലൻസ് കോടതിയൽ ജാമ്യ ഹർജി നൽകിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശിയ കട്ടിളപാളികൾ കൈമാറിയത് ഉൾപ്പടെ കൂട്ടായെടുത്ത തീരുമാനങ്ങൾക്ക് താൻ മാത്രം എങ്ങനെ ഉത്തരവാദിയാകുമെന്നാണ് ജാമ്യഹർജിയിൽ പത്മകുമാർ ഉന്നയിക്കുന്ന പ്രധാന വാദം. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അന്നത്തെ അംഗങ്ങളെ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് പത്മകുമാറിന്റെ ജാമ്യ ഹർജി. അതേസമയം, കേസിൽ മുൻ ദേവസ്വം പ്രസിഡൻ്റ് എൻ വാസുവിന്റെ ജാമ്യ ഹർജിയും ഇന്ന് കൊല്ലം വിജിലൻസ് കോടതി തള്ളി.

Previous Post Next Post