പുതിയതെരു :- വാളയാറിൽ രാം നാരായണൻ എന്ന യുവാവിനെ തല്ലിക്കൊന്ന സംഘപരിവാർ ക്രിമിനലുകളെ സർക്കാർ സംരക്ഷിക്കുന്നതിന് പകരം ആൾക്കൂട്ട കൊലപാതകത്തിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ നിയമത്തിന്റെ എല്ലാ വകുപ്പുകളും ചേർത്ത് ശിക്ഷ വാങ്ങിച്ചു കൊടുക്കാനും രാം നാരായണന്റെ കുടുംബത്തിന് നഷ്ടപരിഹാര തുക നൽകാനും സർക്കാർ ശക്തമായ ഇടപെടൽ നടത്തണമെന്ന് SDPI അഴീക്കോട്മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്വേഷത്തിന്റെ ഭാഗമായി നടന്ന ആൾക്കൂട്ട കൊലപാതകമാണിത്. ഉത്തരേന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളെ വിമർശിക്കുന്നവരാണ് ഇടതുപക്ഷം. ഇതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഭരിക്കുന്ന സംസ്ഥാനത്ത് നടന്ന ആൾക്കൂട്ട കൊലപാതകത്തിൽ ഗൗരവമായ നടപടി സ്വീകരിക്കണം. പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇടതു സർക്കാർ ഉപേക്ഷിക്കണം. എസ്പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകണം അന്വേഷണം നടക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം കമ്മിറ്റി അംഗം മഷൂദ് കണ്ണാടിപ്പറമ്പ് സംസാരിച്ചു. മണ്ഡലം ജോയിന്റ് സെക്രട്ടറി അൻവർ മങ്കടവ്,മണ്ഡലം കമ്മിറ്റി അംഗങ്ങളായ അബ്ദുല്ല മന്ന, റാഷിദ് പുതിയതെരു, ചിറക്കൽ പഞ്ചായത്ത് പ്രസിഡണ്ട് നിസാർ കാട്ടാമ്പള്ളി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
