കണ്ണൂർ കോർപ്പറേഷനിലെ വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കാൻ UDF കർമ്മപദ്ധതി തയാറാക്കുന്നു ; ആദ്യം പ്രാധാന്യം നൽകുക നഗര സൗന്ദര്യവൽകരണത്തിനും റോഡ് വികസനത്തിനും


കണ്ണൂർ :- തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോർപ്പറേഷനിലെ വോട്ടർമാർക്കു നൽകിയ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കാൻ യുഡിഎഫ് കർമ്മപദ്ധതി തയാറാക്കുന്നു. 21ന് പുതിയ ഭരണസമിതി നിലവിൽവന്ന ശേഷം ആദ്യം പ്രാധാന്യം നൽകുക നഗര സൗന്ദര്യവൽകരണത്തിനും റോഡ് വികസനത്തിനും. കോർപറേഷനിലെ വികസനം ലക്ഷ്യമിട്ട് മിഷൻ 2030 എന്ന പേരിൽ മാസ്‌റ്റർ പ്ലാൻ അവതരിപ്പിച്ചിരുന്നു യുഡിഎഫ്. സിറ്റി റോഡ് ഇപ്രൂവ്മെന്റ് പ്ലാനിലെ 8 റോഡിൽ 4 എണ്ണത്തിന്റെ പ്രവൃത്തി ഉടൻ തുടങ്ങും. സ്ഥലമേറ്റെടുപ്പ് വേണ്ടാത്ത റോഡുകളാണിത്. ബാക്കിയുള്ളവ സ്‌ഥലമേറ്റെടുപ്പു കഴിഞ്ഞാലേ തുടങ്ങാൻ കഴിയൂ.

നഗരസൗന്ദര്യവൽകരണമാണ് പുതിയ ഭരണസമിതിയുടെ പ്രധാന അജണ്ട. കണ്ണൂരിലെത്തുന്നവരെ നഗരത്തിലേക്ക് ആകർഷിക്കുന്ന വിധത്തിലുള്ള പദ്ധതികൾ ഉടൻ തയാറാക്കുമെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായിരുന്ന ടി.ഒ മോഹനൻ പറഞ്ഞു. ഇപ്പോൾ നഗരത്തിൽ നടക്കുന്ന പ്രവൃത്തികളുടെ തുടർച്ചയായിരിക്കും ഇത്. പയ്യാമ്പലത്തെ ബീച്ച് റോഡ് നവീകരണത്തിനും വേഗം കൂട്ടുമെന്ന് മോഹനൻ പറഞ്ഞു. പയ്യാമ്പലത്തെ ശ്മശാന നവീകരണം, മാലിന്യ സംസ്കരണം എന്നിവയ്ക്കും പ്രാധാന്യം നൽകി പദ്ധതി ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 56 ഡിവിഷനിൽ 36 ഡിവിഷൻ നേടിയാണ് യുഡിഎഫ് ജയിച്ചത്. 15 സീറ്റേ എൽഡിഎഫിനു ലഭിച്ചുള്ളൂ. 6 സിറ്റിങ് സീറ്റുകൾ സിപിഎമ്മിനു നഷ്ടമാകുകയും ചെയ്‌തു.

Previous Post Next Post