പയ്യാമ്പലത്ത് അനധികൃത തട്ടുകടകൾക്കെതിരെ കോർപ്പറേഷന്റെ നടപടി ; 4 കടകൾ നീക്കം ചെയ്തു


കണ്ണൂർ :- പയ്യാമ്പലത്ത് അനധികൃത തട്ടുകടകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ കോർപ്പറേഷൻ നടപടി തുടങ്ങി. ബുധനാഴ്ച നടത്തിയ പരിശോധനയിൽ നാലെണ്ണം ഉദ്യോഗസ്ഥർ നീക്കി. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുന്നതിനിടെയാണ് അനധികൃതമായി കൂടുതൽ കടകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. കേന്ദ്ര നിർ ദേശത്തെത്തുടർന്ന് സ്ട്രീറ്റ് വെൻഡിങ് ആക്ട് നടപ്പാക്കി പുനരധിവസിപ്പിക്കാനായി കച്ചവടക്കാരുടെ സർവേ നടത്തി പട്ടിക തയാറാക്കിയിട്ടുണ്ട്. 

ഇതിൽ ഉൾപ്പെടാത്തവരുടെ തട്ടുകടകൾ നീക്കം ചെയ്യാൻ നേരത്തെ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. തട്ടുകടകളിൽ നിന്ന് മാലിന്യം തള്ളുന്നത് തെരുവുനായ ശല്യത്തിന് കാരണമാകുന്നതായി പരാതിയുണ്ടെന്ന് അധികൃതർ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്താണ് തട്ടുകടകൾ കൂടുതലായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. വഴിയാത്രക്കാർക്ക് ശല്യമാകുന്നവിധത്തിലുള്ളതും മാലിന്യം തള്ളുന്നതം കണ്ടെത്തിയാണ് ആദ്യഘട്ടത്തിൽ നീക്കം ചെയ്തത്. വരും ദിവസങ്ങളിലും നടപടി തുടരും. പള്ളിക്കുന്ന് സോണൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ഹംസ, സി.പി ജയമോഹൻ, കെ.രാധാമണി എന്നിവർ നേതൃത്വം നൽകി.

Previous Post Next Post