കണ്ണൂർ:-നിറങ്ങൾകൊണ്ടും സൗരഭ്യംകൊണ്ടും കാഴ്ചയുടെ പൂക്കാലം തീർത്ത് കണ്ണൂർ പുഷ്പോത്സവം. വ്യത്യസ്ത നിറങ്ങളിലുള്ള ആയിരക്കണക്കിന് പൂക്കൾ, നാട്ടിൻപുറത്തിന്റെ സുഗന്ധം പകരുന്ന തുളസി മുതൽ വിദേശ ഇനം പൂക്കൾ വരെ കണ്ണിന് കുളിർമയേകിയും സുഗന്ധം പൊഴിച്ചും നിൽക്കുന്നു. വേനലിൽ വിരിഞ്ഞ വസന്തം പോലെ.
പുഷ്‌പോത്സവം ആരംഭിച്ചതോടെ നഗരത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. രാവിലെ തന്നെ പ്രവേശന കവാടങ്ങളിൽ തിരക്ക് രൂപപ്പെടുന്നു. വൈകുന്നേരത്തോടെ ജനസാഗരമായി മാറും. കുട്ടികൾക്ക് ഇത് ആദ്യത്തെ പൂന്തോട്ടമാണ്. മുതിർന്നവർക്ക് കൗതുകമാണ്. ചെറുപ്പക്കാർ ക്യാമറകണ്ണുകളിലൂടെ ഒപ്പിയെടുക്കാനുള്ള നിറക്കാഴ്ചകളാണ്. ഇങ്ങനെ പൂക്കൾക്കൊപ്പം ഇവിടേക്കെത്തുന്ന മനുഷ്യരും പുഷ്‌പോത്സവത്തിന്റെ വേറിട്ട നിറങ്ങളായി.
12,000 ചതുരശ്ര അടിയിൽ 45 ഇനം വൈവിധ്യമാർന്ന പൂക്കളാണ് പുഷ്പോത്സവത്തിന്റെ ഏറ്റവും ആകർഷണീയമായ ഘടകം. വ്യത്യസ്ത നിറങ്ങളിലുള്ള ആയിരക്കണക്കിന് പൂക്കൾ, സ്വദേശ-വിദേശ സസ്യവർഗങ്ങൾ, കലാപരമായ പൂക്കളാലങ്കാരങ്ങൾ തുടങ്ങിയവയെല്ലാം പുഷ്പോത്സവത്തിന്റെ മുഖ്യ ആകർഷണമാണ്. റോസ്, ഓർക്കിഡ്, ലില്ലി, ഡാലിയ, ജമന്തി, ആന്തൂറിയം മുതൽ നാട്ടിൻപുറത്തിന്റെ സുഗന്ധം പകരുന്ന തുളസി, ചെമ്പരത്തി വരെ പുഷ്‌പോത്സവത്തിന്റെ മനോഹാരിതയ്ക്ക് പൂർണത നൽകി. മണ്ണോ വളമോ ഇല്ലാതെ വായുവിൽ വളരുന്ന എയർ പ്ലാന്റ്, കരയിലും വെള്ളത്തിലും നടത്തുന്ന കൃഷിരീതികളെ സംയോജിപ്പിച്ചു രണ്ടിനും ഗുണമാകുന്ന രീതിയിൽ നടത്തുന്ന സംയോജിത കൃഷിരീതിയായ അക്വാപോണിക്സ്, വെള്ളത്തിൽ പ്രകൃതി ഭംഗി ഒരുക്കുന്ന അക്വസ്‌കേപ്പിങ്ങ് എന്നിവ ഇത്തവണത്തെ പുഷ്‌പോത്സവത്തിന്റെ പ്രത്യേകയാണ്. സന്ദർശകർക്കായി ഫോട്ടോ ബൂത്ത്, സെൽഫി പോയന്റ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
വെറും പൂക്കൾ കാണാനും ആസ്വദിക്കാനും മാത്രമല്ല വെള്ളവും മണ്ണും ഇല്ലാതെ കൃഷി ചെയ്യുന്ന നൂതന രീതി മുതൽ പരമ്പരാഗത കൃഷി രീതികൾ വരെ പഠിക്കാനും പ്രയോഗിക്കാനും പ്രാപ്തരാക്കുകയാണ് കണ്ണൂർ ുഷ്പോത്സവം. പൂന്തോട്ടം, പച്ചക്കറിത്തോട്ടങ്ങൾ എന്നിവ നിർമിക്കുന്നതൊടൊപ്പം കാർഷിക സംസ്‌കാരം വളർത്തിയെടുക്കുകയും സംഘാടകരുടെ പ്രധാന ലക്ഷ്യമാണ്. വൈവിധ്യമാർന്ന ചെടികളും, മറ്റു നടീൽ വസ്തുക്കളും, ഔഷധസസ്യങ്ങളും വാങ്ങുവാനും നടീൽ രീതി പഠിക്കവാനും നിരവധി പേരാണെത്തുന്നത്.
ശനിയാഴ്ച ബൊക്കെ നിർമാണം, മെഴുകുതിരിയോടുകൂടി പുഷ്പാലങ്കാരം, ഫെയിസ് പെയിന്റംഗ് തുടങ്ങിയ മത്സരങ്ങൾ ആസ്വദിക്കാനും മത്സരിക്കാനും ഒട്ടേറെ പേരാണെത്തിയത്. ശനിയാഴ്ച നാട്യ തംരഗിണിയുടെ കുച്ചുപ്പുടിയും തുടർന്ന് കരോക്കെ ഗാനമേളയും അരങ്ങേറി.
70 രൂപയാണ് പ്രവേശന ഫീസ്. അഞ്ചു വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും 80 വയസ് കഴിഞ്ഞ വയോജനങ്ങൾക്കും പ്രവേശനം സൗജന്യമാണ്. രാവിലെ ഒൻപത് മണി മുതൽ രാത്രി എട്ട് മണിവരെയാണ് പ്രവേശന സമയം.
