ദില്ലി :- ഇന്ത്യ - യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള വലിയ കരാറാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ വലിയ അവസരങ്ങൾ നൽകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിർമ്മാണ മേഖലക്ക് വലിയ ഉത്തേജനം നൽകും. എണ്ണപര്യവേഷണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്ത്യ - യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൽ ഈ വർഷം അവസാനമാണ് ഒപ്പിടുക. അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. കരാറിന് യൂറോപ്യൻ പാർലമെന്റ് അംഗീകാരം വേണം. കേന്ദ്രമന്ത്രിസഭയും അംഗീകരിക്കണം. കാർഷിക ഉത്പന്നങ്ങളെ കരാറിൽ ഉൾപ്പെടുത്തിയേക്കില്ല.
ഏകദേശം 20 വർഷത്തെ ചർച്ചകൾക്ക് ശേഷമുള്ള പ്രധാന വഴിത്തിരിവാണിത്. 2007 മുതൽ വ്യാപാര കരാർ സംബന്ധിച്ച് ഇന്ത്യയും യൂറോപ്യൻ രാജ്യങ്ങളും ചർച്ച നടത്തുന്നുണ്ട്. എന്നാൽ വ്യാപാര കരാറിലേക്ക് എത്താനായിരുന്നില്ല. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് അൻ്റോണിയോ കോസ്റ്റ എന്നിവർ പങ്കെടുത്ത ഇന്നത്തെ ഉച്ചകോടിയിൽ കരാർ സംബന്ധിച്ച് അന്തിമ തീരുമാനത്തിൽ എത്തി. ഏറെക്കാലമായി കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ വിജയകരമായി അവസാനിച്ചതായി വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ സ്ഥിരീകരിച്ചു. ചർച്ചകൾ വിജയകരമായി അവസാനിച്ചു, കരാർ അന്തിമമായി എന്നാണ് അദ്ദേഹം പറഞ്ഞത്.
