കണ്ണൂർ :- ബൗദ്ധിക വെല്ലുവിളി നേരിടുന്ന ബഡ്സ്, ബി ആർ സി വിദ്യാലയങ്ങളിലെ കുട്ടികളുടെ കലോത്സവം തില്ലാന 2026 ന് സമാപനം. കലാ കിരീടമുയർത്തി രാമന്തളി പ്രതീക്ഷ ബഡ്‌സ് സ്കൂൾ. 34 പോയിന്റുകൾ നേടിയാണ് പ്രതീക്ഷ ബഡ്‌സ് സ്കൂൾ കിരീടത്തിൽ മുത്തമ്മിട്ടത് .30 പോയിന്റുകൾ നേടി മാട്ടൂൽ, മടക്കര ബഡ്‌സ് സ്കൂൾ രണ്ടാം സ്ഥാനവും 28 പോയിന്റ്‌കളുമായി പഴശ്ശിരാജ മെമ്മോറിയൽ ബഡ്‌സ് സ്കൂൾ മട്ടന്നൂർ മൂന്നാം സ്ഥാനവും നേടി. ബഡ്‌സ് ഒളിമ്പ്യ 2026 ലും രാമന്തളി പ്രതീക്ഷ ബഡ്‌സ് സ്കൂൾ കിരീടം നേടിയിരുന്നു. തില്ലാന ബഡ്‌സ് കലോത്സവത്തിന്റെ ഏഴാമത് പതിപ്പിനാണ് ചട്ടുകപ്പാറ, ആരൂഡം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സമാപനമായത്. രണ്ട് ദിവസങ്ങളിലായി 450 കലാകാരന്മാരാണ് അരങ്ങിൽ വിവിധ ഇനങ്ങളിൽ മറ്റുരച്ചത്.
മൂന്ന് വേദികളിലായി ബാൻഡ് മേളം, നാടോടി നൃത്തം, ഒപ്പന, പ്രച്ഛന്ന വേഷം, ലളിത ഗാനം, നാടൻ പാട്ട്, പെയിന്റിംഗ്, ചിത്ര രചന, പേപ്പർ ക്രാഫ്റ്റ്, എമ്പോസ് പെയിന്റിംഗ്, നാടോടി നൃത്തം, സംഘനൃത്തം, പദ്യ പാരായണം, മിമിക്രി, ചെണ്ട, കീബോർഡ് എന്നീ മത്സരങ്ങൾ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നടന്നു. സമാപന സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്‌ന ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ, മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി ശ്രീജിനി, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി റെജി,ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എമീമ രാജേഷ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി ജയൻ, കുറ്റ്യാട്ടൂർ സി.ഡി.എസ് ചെയർപേഴ്സൺ സി.ബിന്ദു, മയ്യിൽ സി.ഡി.എസ് ചെയർപേഴ്സൺ സി.രതി, കുടുംബശ്രീ ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ കെ.വിജിത് എന്നിവർ പങ്കെടുത്തു.
