തളിപ്പറമ്പ് :-തളിപ്പറമ്പ് കീഴാറ്റൂരിൽ വീട് തകർത്ത് കവർച്ച നടത്താൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. കീഴാറ്റൂർ കോടേശ്വരം ക്ഷേത്രത്തിന് സമീപത്തെ പി.വി. വിനോദ് കുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ കൊല്ലം സ്വദേശി എസ്. ശിവൻ (35) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
വീടിന്റെ പിൻഭാഗത്ത് നിന്ന് അസ്വാഭാവിക ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് മോഷ്ടാവിനെ കണ്ടത്. വീടിന്റെ പിൻവാതിൽ ഇൻ്റർലോക്ക് കട്ട ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. നാട്ടുകാരെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് തളിപ്പറമ്പ് പോലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ കുറച്ചു കാലമായി തളിപ്പറമ്പ്, പട്ടുവം, കൂവേരി മേഖലകളിൽ കവർച്ചാ ശല്യം രൂക്ഷമാണ്. പ്രദേശത്തെ നിരവധി ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണങ്ങൾ നടന്നിരുന്നു. പിടിയിലായ ശിവന് ഇത്തരം കേസുകളുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും.
