തിരുവനന്തപുരം :- നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 85% പോളിങ് ലക്ഷ്യമിടണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) ഡോ.രത്തൻ യു.കേൽക്കർ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ അറിയിച്ചു. 1987ലെ 80.57% ആണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന പോളിങ് . പത്രിക നൽകാനുള്ള അവസാനദിനമായ 23 വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാം. സപ്ലിമെന്ററി പട്ടിക 24 നു പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ 40 പേർ നാളെയും പൊതു, പോലീസ് നിരീക്ഷകർ മറ്റന്നാളും എത്തും. ക്രമസമാധാന, പെരുമാറ്റച്ചട്ട പാലനത്തിനായി പോലീസ്, എക്സൈസ്, അഗ്നിശമനസേന, ആദായനികുതി, എൻഫോഴ്സസ്മെന്റ് തുടങ്ങി 22 ഏജൻസികൾ പ്രവർത്തിക്കും.
ഒരേ കുടുംബത്തിലെ അംഗങ്ങൾ പല ബൂത്തുകളിലും ക്രമ നമ്പർ പലയിടത്തായും വന്നിട്ടുള്ള പ്രശ്നം പരിഹരിക്കണമെന്ന് എം.കെ റഹ്‌മാൻ (കോൺഗ്രസ്) യോഗത്തിൽ ആവശ്യപ്പെട്ടു. വീട്ടിൽ പോൾ ചെയ്ത ബാലറ്റുകൾ മുദ്രവച്ച പെട്ടികളിൽ വേണം കൊണ്ടുപോകാനെന്ന ആവശ്യവും ഉന്നയിച്ചു. വടക്കൻ ജില്ലകളിൽ ക്രമസമാധാന പാലനത്തിനായി കൂടുതൽ സേനാംഗങ്ങളെ നിയോഗിക്കണമെന്ന് മര്യാപുരം ശ്രീകുമാർ (കോൺഗ്രസ്) പറഞ്ഞു. ഒരു മണ്ഡലത്തിൽ ക്രമാതീതമായി വോട്ടർമാരെ ചേർക്കുന്നതു പോലുള്ള ക്രമക്കേടുകൾ തടയണമെന്ന് എ.എ റഹീം (സിപിഎം) ആവശ്യപ്പെട്ടു.
മൈക്ക്, യോഗങ്ങൾ എന്നിവയ്ക്ക് അനുമതി വേഗത്തിലാക്കണമെന്ന് ജോർജ് തോമസ് (സിപിഐ), എസ്.സുരേഷ് (ബിജെപി) എന്നിവർ ആവശ്യപ്പെട്ടു. വീട്ടിൽ വോട്ടു ചെയ്യാൻ ബാലറ്റുകൾ കൊണ്ടു പോകുമ്പോൾ രാഷ്ട്രീയപാർട്ടികളുടെ ബൂത്ത് ലവൽ ഏജന്റുമാരെ അറിയിക്കണമെന്ന് മാത്യു ജോർജ് (കേരള കോൺഗ്രസ്) ആവശ്യപ്പെട്ടു. ചെറിയ പെരുന്നാൾ ദിനം അവധിയാണെങ്കിലും പത്രിക സ്വീകരിക്കുമോയെന്നതിൽ വ്യക്തത വേണമെന്ന് എച്ച്.എസ്.എ ഹാലിം (മുസ്‌ലിം ലീഗ്) പറഞ്ഞു. കെ.ആനന്ദകുമാർ (കേരള കോൺഗ്രസ് എം), കെ.ജയകുമാർ (ആർഎസ്‌പി), സന്ദീപ് സോമനാഥ് (ബിജെപി), എ.അരുൺ (ആം ആദ്‌മി പാർട്ടി) എന്നിവരും യോഗത്തിൽ പങ്കെടുത്തു.
