അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

അഴീക്കോട്:-അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. കെ.വി സുമേഷ് എം.എല്‍.എ അധ്യക്ഷനായി. സമീപ പ്രദേശങ്ങളിലെ ആശുപത്രികളേക്കാള്‍ ആധുനികവും മനോഹരവുമായ ആരോഗ്യ കേന്ദ്രമായി അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ മാറ്റുമെന്ന് എം.എല്‍.എ പറഞ്ഞു. ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം പൂര്‍ണ പ്രതിബദ്ധതയോടെ നിര്‍വഹിക്കുമെന്നും പുതിയ കെട്ടിട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും എം എല്‍ എ പറഞ്ഞു.

പഴയ കെട്ടിടത്തിന്റെ സ്ഥലം ഉപയോഗപ്പെടുത്തി ആധുനിക സൗകര്യങ്ങളോടുകൂടിയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍, പഞ്ചായത്ത് പ്രതിനിധികള്‍, ആരോഗ്യ വകുപ്പിലെ ജില്ലാ ഉദ്യോഗസ്ഥര്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍, എന്‍.എച്ച്.എം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. തുടര്‍ന്ന് സര്‍ക്കാരിന് സമര്‍പ്പിച്ച പ്രൊപ്പോസല്‍ പരിഗണിച്ച് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റായി നാല് കോടി രൂപ അനുവദിച്ചു. ഇതിന് പുറമെ എം.എല്‍.എ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും കൂടി വിനിയോഗിക്കുമെന്ന് കെ.വി സുമേഷ് എം.എല്‍.എ അറിയിച്ചു. ഇതോടെ മൊത്തം അഞ്ചര കോടി രൂപ ചെലവഴിച്ചാണ് പുതിയ സാമൂഹ്യ ആരോഗ്യ കേന്ദ്രം യാഥാര്‍ഥ്യമാകുന്നത്. സാങ്കേതിക ഭരണാനുമതി ലഭിച്ചതോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. മൂന്ന് നില കെട്ടിടത്തിനാവശ്യമായ ഫൗണ്ടേഷന്‍ ഉള്‍പ്പെടുത്തി ഗ്രൗണ്ട് ഫ്ളോര്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറില്‍ രജിസ്ട്രേഷന്‍ കൗണ്ടര്‍, റീ-ചെക്കപ്പ് ഏരിയ, മൂന്ന് ഒ.പി മുറികള്‍, ഫാര്‍മസി, ഒബ്സര്‍വേഷന്‍ റൂം, ഡ്രസ്സിംഗ് റൂം, വിശാലമായ വെയിറ്റിംഗ് ഏരിയ എന്നീ സൗകര്യങ്ങള്‍ സജ്ജീകരിക്കും. ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ റീന, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സനില, അഴീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ സുരേഷന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എം വിജേഷ്, ബാലചന്ദ്രന്‍, ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി ശ്രീരാഗ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സി ജസ്ന, എം.പി ബാബു, സി.വി വിജയശ്രീ, പഞ്ചായത്തംഗം കെ സജിന, ഡി പി എം ഡോ. അനില്‍ കുമാര്‍, ബി ഡി ഒ സീമ കുഞ്ചാല്‍, മെഡിക്കല്‍ ഓഫീസര്‍ മിനി ശ്രീധരന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, അഴീക്കോട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ അജീഷ്, കുടുവന്‍ പത്മനാഭന്‍, ഗിരീഷ് കുമാര്‍, പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Previous Post Next Post