ഫ്ലോറിഡ :- 54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്. നാസയുടെ ആർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് നടന്നു. നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് കുതിച്ചുയർന്നത്. എസ്എൽഎസ് എന്ന ഭീമൻ റോക്കറ്റിൽ ഒറയോൺ എന്ന യാത്രാപേടകത്തിലാണ് യാത്ര. ഒരു സ്ത്രീയും ഒരു കറുത്ത വർഗ്ഗക്കാരനും ഭാഗമായ ചരിത്രത്തിലെ ആദ്യ മനുഷ്യ ചാന്ദ്ര ദൗത്യമാണിത്. മിഷൻ കമാൻഡർ നാസയുടെ റെയ്ഡ് വൈസ്മാൻ, മിഷൻ പൈലറ്റ് വികർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറെമി ഹാൻസൻ എന്നിവരാണ് ആ പേടകത്തിലുള്ളത്.
പത്ത് ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി തിരിച്ചുവരികയാണ് ദൗത്യ ലക്ഷ്യം. മനുഷ്യരുമായി ഒരു ബഹിരാകാശ യാനവും ചെന്നിട്ടില്ലാത്ത അത്രയും ദൂരത്തിൽ ദൗത്യത്തിൻ്റെ ഒരു ഘട്ടത്തിൽ K ഒറയോണെത്തും. നാല് പേരും കെന്നഡി സ്പേസ് സെന്ററിലെ പ്രത്യേക ക്വാറന്റീൻ സംവിധാനത്തിലായിരുന്നു. ഉറക്കവും ഭക്ഷണവും ജലപാനവും പോലും കർശന നിയന്ത്രണത്തിലായിരുന്നു. ചാന്ദ്ര ദൗത്യത്തിൻ്റെ ഭാഗമാകുന്ന ആദ്യ സ്ത്രീയാണ് ക്രിസ്റ്റീന കോച്ച്. വിക്‌ടർ ഗ്ലോവർ ആദ്യ കറുത്ത വർഗക്കാരനും. ജെറെമി ഹാൻസണാകട്ടെ ആദ്യ അമേരിക്കൻ ഇതര സഞ്ചാരിയും. യാത്രയിൽ നാല് പേർക്കും കൂട്ടായി റൈസ് എന്ന ചെറു പാവയുമുണ്ട്. അതിനകത്ത് നേരത്തെ രജിസ്റ്റർ ചെയ്‌ത 56 ലക്ഷം മനുഷ്യരുടെ പേരടങ്ങിയ മെമ്മറി കാർഡും.
1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെറെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആർട്ടെമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തിൽ കാൽ കുത്തിയെങ്കിൽ ആർട്ടെമിസ് 2 അംഗങ്ങളെ വഹിക്കുന്ന ഒറെയോൺ പേടകം 10 ദിവസം കൊണ്ട് ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് തിരിച്ചുവരികയാണ് ലക്ഷ്യമിടുന്നത്. 2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായ ആർട്ടെമിസ് 1 വിജയമായിരുന്നു. അന്ന് ഒറയോൺ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു. ചൈനയ്ക്കും മുൻപേ മനുഷ്യനെ ചന്ദ്രനിൽ വീണ്ടും ഇറക്കുകയെന്നതാണ് അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യം.
പുതിയ പദ്ധതി അനുസരിച്ച് ആർട്ടെമിസ് നാലാം ദൗത്യത്തിലാകും ആ കാൽവെയ്പ്പ്. അതെല്ലാം ആർട്ടെമിസ് രണ്ടിന്റെ വിജയത്തെ ആശ്രയിച്ചിരിക്കുന്നു. ദീർഘദൂര മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾ നടത്താനായി വികസിപ്പിച്ച സാങ്കേതിക വിദ്യയുടെ കാര്യക്ഷമത ഉറപ്പാക്കണം. അതിന് ആർട്ടെമിസ് 2 സമ്പൂർണ്ണ വിജയമാകണം. ലോകം കണ്ണ് നട്ട് കാത്തിരിക്കുകയാണ് ഈ ചന്ദ്രനെ ചുറ്റി വരവിന്.
