ആക്രമണം തുടർന്ന് ഇറാൻ ; ദുബായ് മറീനയിൽ കെട്ടിടത്തിന് മുകളിൽ വീണ്ടും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു


ദുബായ് :- ദുബായ് മറീന മേഖലയിലെ ഒരു കെട്ടിടത്തിന് മുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. യുഎഇ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് മിസൈൽ തകർത്തതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങളാണ് കെട്ടിടത്തിന്റെ മുൻഭാഗത്ത് പതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ കെട്ടിടത്തിൽ തീപിടുത്തം ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.

ദുബായ് മറീനയിൽ ഇത് ആദ്യമായല്ല ഇത്തരമൊരു സംഭവം നടക്കുന്നത്. മാർച്ചിൽ ഇതേ രീതിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു ടവറിന്റെ മുൻഭാഗത്തിന് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണ്.

അതേസമയം അബുദാബിയിൽ കഴിഞ്ഞ ദിവസം രണ്ടിടത്ത് ഇറാന്‍റെ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു. കേന്ദ്രം പ്രവർത്തനം നിർത്തിവെച്ചു. അജ്ബാൻ മേഖലയിലും ആക്രമണം ഉണ്ടായി. സംഭവത്തിൽ ആർക്കും പരിക്കില്ല. യുഎഇ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തകർത്ത മിസൈലിന്റെയോ ഡ്രോണിന്റെയോ അവശിഷ്ടങ്ങളാണ് പ്ലാന്‍റ് പരിസരത്ത് വീണതെന്ന് അധികൃതർ സ്ഥിരീകരിച്ചു. അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് പ്ലാന്റിൽ ചെറിയ തോതിൽ തീപിടുത്തമുണ്ടായി. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഹബ്‌ഷാനു പുറമെ അബുദാബിയിലെ അജ്ബാൻ മേഖലയിലും വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ട മിസൈൽ അവശിഷ്ടങ്ങൾ പതിച്ചിട്ടുണ്ട്. ഇവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.




Previous Post Next Post