അഞ്ചരക്കണ്ടി :- അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ചക്കരക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബി.എൻ.എസ്.എസ് വകുപ്പ് 108 (ആത്മഹത്യാ പ്രേരണ), എസ്‌സി/എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ കൂടി ചേർത്തു. മരിച്ച നിതിൻരാജിന്റെ പിതാവ് രാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കണ്ണൂർ എ.സി.പി ഹരിപ്രസാദിനാണ് അന്വേഷണ ചുമതല.
ഒരു ഓൺലൈൻ ലോൺ ആപ്പിൽ നിന്ന് നിതിൻരാജ് വായ്പ എടുത്തിരുന്നതായും തിരിച്ചടവ് വൈകിയതോടെ ലോൺ ഏജന്റുമാർ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നിതിൻരാജിന്റെ ഫോണിലെ കോൺടാക്റ്റ് വിവരങ്ങൾ ലോൺ ഏജൻസി കൈക്കലാക്കിയിരുന്നു. ഇതിലൂടെ വിദ്യാർത്ഥിയുടെ അധ്യാപകരിലൊരാളെയും ഏജന്റുമാർ ഫോൺ വിളിച്ച് ശല്യം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അധ്യാപകന് ലഭിച്ച ഭീഷണി സന്ദേശങ്ങളിലും കോളുകളിലും പ്രത്യേകമായി സൈബർ പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
