കണ്ണൂർ സെൻട്രൽ ജയിലിലെ വിഭവങ്ങൾ ഇനി മട്ടന്നൂർ വിമാനത്താവളത്തിലും


കണ്ണൂർ :- രുചിയും വിലക്കുറവും കൊണ്ട് ജനഹൃദയം കീഴടക്കിയ കണ്ണൂർ സെൻട്രൽ ജയിൽ വിഭവങ്ങൾ മട്ടന്നൂരിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും വിതരണം തുടങ്ങി. ചപ്പാത്തി, ബിരിയാണി, ചില്ലി ചിക്കൻ, ചിക്കൻ കബാബ്, ചിക്കൻ കറി, മുട്ടക്കറി, വെജിറ്റബിൾ കറി, ലഡു, നേന്ത്രക്കായ ചിപ്‌സ് തുടങ്ങിയവയാണ് പ്രധാന വിഭവങ്ങൾ. യാത്രക്കാർ കഴിക്കുന്നതിനൊപ്പം ജയിൽ രുചി കടൽ കടന്ന് പോകുന്നുവെന്നതും ശ്രദ്ധേയമാണ്.

ദിവസവും ഉച്ചയ്ക്ക് 12 മണി മുതൽ 1.30 വരെയാണ് വിമാനത്താവളത്തിൽ ജയിലിൻ്റെ മൊബൈൽ കൗണ്ടർ ഭക്ഷണവുമായെത്തുന്നത്. അതിനുശേഷം വൈകുന്നേരം 6 മണി വരെ മട്ടന്നൂർ ബസ്സ്റ്റാൻഡിലും കൗണ്ടർ പ്രവർത്തിക്കും. ഗുണനിലവാരമുള്ള ഭക്ഷണം മിതമായ നിരക്കിൽ പൊതുജ നങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജയിൽ അധികൃതർ വിപണന ശൃംഖല വ്യാപിപ്പിക്കുന്നത്. വിദേശ യാത്രയൊരുങ്ങുന്നവർ ജയിൽ ലഡുവും ചിപ്സും വാങ്ങിക്കൊണ്ടുപോകുന്നത് പതിവായതായി വിമാനത്താവള അധികൃതർ പറയുന്നു. 

10 ചപ്പാത്തി 30 രൂപയ്ക്കും ചിക്കൻ ബിരിയാണി 70 രൂപയ്ക്കുമാണ് വിൽക്കുന്നത്. ഒരുകിലോ ലഡുവിന് 200 രൂപയാണ് ഈടാക്കുന്നത്. അരക്കിലോ ചിപ്സിന് 165 രൂപയും 100 ഗ്രാം ചോക്ലേറ്റിന് 60 രൂപയുമാണ് വില. ചിക്കൻ കബാബിനും (150 ഗ്രാം) ചിക്കൻ ചില്ലിക്കും (200 ഗ്രാം) 80 രൂപയാണ്. വെജിറ്റബിൾ ബിരിയാണിക്ക് 45 രൂപയാണ്. 200 ഗ്രാം ചിക്കൻ കറി 30 രൂപയ്ക്കും വിൽക്കുന്നു. 20 രൂപയ്ക്ക് മുട്ടക്കറിയും കിട്ടും. ഭക്ഷ്യവസ്തുക്കൾ ഗുണനിലവാര സെൻട്രൽ ജയിലിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കൾ ഗുണനിലവാരവും കുറഞ്ഞ വിലയും കൊണ്ട് വലിയ ജനപ്രീതി നേടിയവയാണെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് കെ.വേണു പറഞ്ഞു. തടവുകാരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കും പുതിയ പദ്ധതി പിന്തുണയാകുമെന്നാണ് ജയിൽ വകുപ്പ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post