തൃശൂർ :- വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ പകരം ഇന്ധനമായ വിറകിന് ആവശ്യകത കുത്തനെ ഉയർന്നതോടെ വിലയും കുതിച്ചുയരുന്നു. ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഗ്യാസ് ലഭ്യതക്കുറവ് നേരിടുന്നതിനാൽ വിറകിലേക്കാണ് മാറിയത്. നല്ല ചൂടും ദീർഘനേരം കനലും നിലനിൽക്കുന്ന വാളമ്പുളി (കോൽ പുളി) വിറകിനാണ് വിപണിയിൽ കൂടുതൽ ആവശ്യക്കാർ. എന്നാൽ ഇത് ലഭ്യമാകുന്നത് കുറവായതിനാൽ വില കുത്തനെ ഉയർന്നിരിക്കുകയാണ്. നിലവിൽ 10 കിലോ വാളമ്പുളി വിറകിന് 80 രൂപയായപ്പോൾ, ഗ്യാസ് ക്ഷാമത്തിന് മുമ്പ് ഇത് 60 രൂപയായിരുന്നു. സമീപകാലത്ത് തന്നെ വില 100 രൂപ കടക്കും എന്നാണ് വ്യാപാരികൾ പറയുന്നത്.
ഹോട്ടലുകളിലേക്കാണ് വിറകിന്റെ ഭൂരിഭാഗവും എത്തുന്നത്. ഇതോടെ വീടുകളിലേക്ക് ലഭ്യതയും കുറയുന്ന അവസ്ഥയാണ്. മറ്റു പാഴ്മര വിറകിനും വില വർധനവുണ്ട്. പ്രധാനമായും പുളിമരങ്ങൾ വ്യാപകമായി നട്ട് വളർത്താത്തതും നിലവിലുള്ള മരങ്ങൾ മുറിച്ചെടുക്കുന്നതുമാണ് ക്ഷാമത്തിന് കാരണം. ഗ്യാസ് വിതരണം സാധാരണനിലയിലാകാത്ത പക്ഷം വിറക് ക്ഷാമം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്. മഴക്കാലത്ത് ഈ പ്രതിസന്ധി കൂടുതൽ കടുക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. അതേസമയം, വിറക് പൊളിക്കൽ യന്ത്രങ്ങളുടെ ഉപയോഗം വ്യാപകമായതോടെ വ്യാപാരികൾക്ക് ആശ്വാസമുണ്ട്. മണിക്കൂറിന് ഏകദേശം 700 രൂപയാണ് യന്ത്ര ഉപയോഗച്ചെലവ്.

